സമിതിയിൽ കർഷകർക്ക് വിശ്വാസമില്ല: പ്രക്ഷോഭം തുടരും.ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ താൽക്കാലികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ കർഷകരോഷം  തണുപ്പിക്കാനായില്ല. പ്രശ്നം പഠിക്കാൻ  സുപ്രിംകോടതി ഉണ്ടാക്കിയ സമിതിയിൽ വിശ്വാസമില്ലെന്ന് കർഷക സംഘടനാ നേതാക്കൾ തുറന്നടിക്കുകയും ചെയ്തു. കാർഷിക നിയമത്തെ നേരത്തെ പിന്തുണച്ചവരാണ്  സമിതികളിൽ ഉള്ളതെന്നാണ്    കർഷകരുടെ അഭിപ്രായം.

വിവാദ  കാർഷിക നിയമങ്ങൾ ഉണ്ടാക്കിയ കേന്ദ്രസർക്കാർ സുപ്രീം കോടതി വഴി സ്വന്തം കമ്മിറ്റിയെ അവതരിപ്പിക്കുകയാണ് ചെയ്തതെന്ന് കർഷക യൂണിയൻ പ്രതികരിച്ചു. സുപ്രീം കോടതിയിൽ പോകാൻ കർഷകരുമായുള്ള  എട്ടാം ഘട്ട ചർച്ചയിൽ കേന്ദ്ര സർക്കാർ ഇത് സൂചിപ്പിക്കുകയും ചെയ്തിരുന്നുവെന്നും കർഷക നേതാക്കൾ  പറയുന്നു.

അതേസമയം ഞങ്ങൾ ഞങ്ങളുടെ ഉദ്ദേശം വെച്ച് ഉണ്ടാക്കിയ  സമിതിയാണിതെന്നും, എല്ലാവരുടെയും അഭിപ്രായങ്ങൾ തൃപ്തിപ്പെടുത്താനുള്ള കമ്മിറ്റിയല്ല ഞങ്ങളുടെതെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇതിനോട്  പ്രതികരിച്ചു. കർഷകർ പറയുന്ന മുൻ സുപ്രീം കോടതി ജഡ്ജിമാരെ സമിതിയിൽ  ഉൾപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി ഇന്നലെ പരിഗണിച്ചിരുന്നില്ല.


keyword:farmers,protest