വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പദ്ധതി : 20 മുതൽ 200 രൂപ വരെ ഫീസ് ഈടാക്കും

തിരുവനന്തപുരം. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന് വീടുകൾ, സ്ഥാപനങ്ങൾ, ഒഴിയോര  കച്ചവടക്കാർ,പൊതു  പരിപാടികളുടെ സംഘാടകർ തുടങ്ങിയവരിൽ നിന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേന ഫീസ് ഈടാക്കി മാലിന്യ ശേഖരണത്തിന് പദ്ധതി ഒരുങ്ങുന്നു. 

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംഭരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും, പരിപാലിക്കുന്നതിനുമാണ്  വീടുകളിൽ നിന്ന് പ്രതിമാസം 20 രൂപ മുതൽ 200 രൂപ വരെ ഈടാക്കുക. സ്ഥാപനങ്ങൾ, വഴിയോര  കച്ചവടക്കാർ,  യൂണിറ്റുകൾ തുടങ്ങിയവയിൽ മാലിന്യത്തിന്റെ  അളവിന്  അനുസരിച്ചാവും ഫീസ്. നൂറു പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾ  നടത്തുന്നവർ കൊടുക്കേണ്ട അടിസ്ഥാന ഫീസ് 250 രൂപയാണ്.

ഇത് സംബന്ധിച്ച് "തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി'' എന്ന പേരിൽ സർക്കാർ ഉത്തരവിറക്കി.ഇവ ഇനി എല്ലാ തദ്ദേശസ്ഥാപനങ്ങളും ഭരണസമിതി യോഗം ചേർന്ന് അംഗീകരിച്ച് വിജ്ഞാപനം ചെയ്യുന്നതോടെ പ്രാബല്യത്തിലാകും.