വ്യാപാരികളെ തഴഞ്ഞ് ബഡ്‌ജറ്റ്‌; പ്രതിഷേധം ശക്തംകൊച്ചി. 3 മണിക്കൂർ നീണ്ട ബഡ്ജറ്റ് പ്രസംഗത്തിൽ ഒട്ടുമിക്ക മേഖലകളിലും പദ്ധതികളും, സഹായങ്ങളും ധനമന്ത്രി വാഗ്ദാനം ചെയ്തെങ്കിലും സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാപാരികളെ മറന്നത്  നിർഭാഗ്യകരമായി പോയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സങ്കീർണമായ കോവിഡ് കാലത്ത് വ്യാപാരി സമൂഹം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ബഡ്ജറ്റിൽ ഉണ്ടായ കടുത്ത അവഗണന പ്രതിഷേധാർഹമാണ്. സർക്കാറിൻറെ നയവും, കാഴ്ചപ്പാടും, വികസന ലക്ഷ്യവും പ്രതിഫലിക്കേണ്ട ബഡ്ജറ്റിൽ  വിപണിയുടെ നട്ടെല്ലായ വ്യാപാരികളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു.

പലചരക്കുകടകളും, ബേക്കറികളും, മെഡിക്കൽ സ്റ്റോറുകളും നടത്തുന്ന വ്യാപാരികൾ ഒഴികെ എല്ലാവരും ലോക ഡൗൺ കാലത്ത് കട പൂട്ടേണ്ടി വന്നവരാണ്. ചെറുതും വലുതുമായി കേരളത്തിൽ 14 ലക്ഷത്തിലേറെ വ്യാപാരസ്ഥാപനങ്ങളിൽ രണ്ടുലക്ഷത്തിലേറെ കടകൾ കോവിഡ് കാലത്ത് പൂട്ടിപോയിട്ടുണ്ട്. ഇത്തരത്തിൽ ജീവിതം വഴിമുട്ടി നിൽക്കുന്നവരെ ബഡ്ജറ്റ് കാണാതെ പോയതിൽ വ്യാപാര സമൂഹത്തിന്റെ പ്രതിഷേധം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ടി നസറുദ്ദീൻ പറഞ്ഞു.