കുഞ്ഞാലിക്കുട്ടിയുടെ ദൗത്യവും ഫലം കണ്ടില്ല: ക്രിസ്തീയ സഭകളും യു ഡിഎഫ്നെതിരെ.ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ മടങ്ങിവരവും, സഭാ മേലധ്യക്ഷന്മാരെ  കണ്ടതും യുഡിഎഫിന് ഗുണം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്നലെ പ്രസിദ്ധീകരിച്ച സഭാ  പ്രസിദ്ധീകരണങ്ങളിലെ മുഖപ്രസംഗത്തിലാണ് യുഡിഎഫിനെതിരെ  രൂക്ഷവിമർശനം ഉള്ളത്. ഒപ്പം ഇടത് മുന്നണിക്ക് തലോടലും. വെൽഫെയർ പാർട്ടി ബന്ധത്തിലൂടെ യുഡിഎഫിന് പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെടുത്തിയെന്നും, കുഞ്ഞാലിക്കുട്ടിയുടെ  തീരുമാനത്തിന് കോൺഗ്രസ്  കീഴടങ്ങിയത് കൊണ്ടാണിതെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.

കോൺഗ്രസിന്റെ  മതനിരപേക്ഷത മുഖം നഷ്ടമാകുന്നൂവെന്ന തോന്നൽ ഇതിലൂടെ ജനങ്ങളിലുണ്ടായതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ  തോൽവിക്ക് കാരണമായത്. ക്രിസ്തീയ വോട്ടുകളിൽ വലിയതോതിൽ വിടവുകൾ ഉണ്ടായിട്ടുണ്ടെന്ന് എറണാകുളം -അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലെ മുഖപ്രസംഗത്തിൽ പറയുന്നു.

കോവിഡ് പ്രതിരോധ നടപടികളിലൂടെയും, ഭക്ഷ്യ കിറ്റ്, ക്ഷേമപെൻഷൻ വിതരണത്തിലൂടെയും കൂടെ നിൽക്കുന്ന സർക്കാറാണെന്ന പ്രതീതി   നിലനിർത്താൻ ഇടതു സർക്കാരിന് കഴിഞ്ഞുവെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്.