നിയമസഭാ തെരഞ്ഞെടുപ്പ് :അഭിപ്രായ സര്‍വേയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായ സര്‍വേ. സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് ദേശീയ നേതൃത്വമാണ് സര്‍വേ നടത്തുന്നത്. വിജയ സാധ്യത, സ്ഥാനാര്‍ത്ഥി സാധ്യത അടക്കം പഠിയ്ക്കുന്നതിനാണ് സര്‍വേ. പൊതു ജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അടക്കമാണ് അഭിപ്രായം തേടുന്നത്.


എല്ലാ നിയമസഭ മണ്ഡലങ്ങളില്‍ നിന്നുമുള്ള സ്ഥിതിവിവരം ഏജന്‍സികള്‍ സമാഹരിയ്ക്കും. മൂന്ന് ഏജന്‍സികളില്‍ ഒന്ന് പൊതുജനങ്ങളുടെ അഭിപ്രായവും രണ്ടാമത്തേത് കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ അഭിപ്രായവുമാകും ശേഖരിക്കുക. മൂന്നാമത്തെ സര്‍വേ സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടിയുടെ സാധ്യതകളും ദേശീയ നേതൃത്വത്തെ അറിയിക്കും.

 മുന്‍ തെരഞ്ഞെടുപ്പുകളിലും ഇത്തരത്തിലുള്ള സര്‍വേകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ വിപുലമായാണ് സര്‍വേ. അഭിപ്രായ സര്‍വേ ഫലങ്ങളെ വിലയിരുത്തിയാകും സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വം നിലപാട് കൈകൊള്ളുക.
keyword:election,2021,congress,survey