ദേശീയ കാർറാലി ചാമ്പ്യൻഷിപ്പ് മൂസാ ഷരീഫ് - ഗിൽ സഖ്യത്തിന് രണ്ടാം റൗണ്ടിലും ജയം.


കാസർകോട്: അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നടന്ന  2020-ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ്-ഗൗരവ് ഗിൽ സഖ്യത്തിന് തകർപ്പൻ ജയം.

പരുപരുക്കൻ പാതയിലൂടെയടക്കമുള്ള 100 കിലോ മീറ്റർ ദൈർഘ്യവും 6 സ്പെഷ്യൽ സ്റ്റേജുകളുമടങ്ങിയതാ യിരുന്നു രണ്ടാം റൗണ്ട്. ഇത് 42 മിനുട്ടും 15 സെക്കന്റും കൊണ്ട് പൂർത്തീകരിച്ചാണ് മൂസാ ഷരീഫ് സഖ്യം വിജയം നേടിയത്. ഇതിനകം 77 പോയന്റ് ഈ സഖ്യം നേടിയിട്ടുണ്ട്.

എം ആർ എഫ് ടീമായ കർണ കതുർ- നിഖിൽ പൈ സഖ്യം 50 പോയന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.  ഏഴാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ  ഇന്ത്യയിലെ തന്നെ നമ്പർ വൺ ജോടിയായ മൂസാ ഷരീഫ് - ഗൗരവ് ഗിൽ സഖ്യം ആദ്യ റൗണ്ടിലും മികച്ച വിജയം കൈവരിച്ചിരുന്നു.  കോവിഡ് വ്യാപനം മൂലമാണ് ഈ വർഷത്തെ മത്സരങ്ങൾ വൈകിയത്. 4 റൗണ്ടുകളാക്കി ചുരുക്കിയ ചാമ്പ്യൻഷിപ്പിന്റെ അടുത്ത രണ്ട്  റൗണ്ടുകൾ  ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലായി നടക്കും. മൂന്നാം റൗണ്ടിൽ വിജയിക്കാനായാൽ ഈ സഖ്യത്തിന് കിരീടം ഉറപ്പിക്കാം. 

ടീം ജെ കെ ടയറിന് വേണ്ടി മഹീന്ദ്ര എക്സ് യു വി 300 കാർ ഉപയോഗിച്ചാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ  ഷരീഫും ന്യൂ ഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലും രണ്ടാം  റൗണ്ടിൽ നേട്ടം കൊയ്തത്. കിരീടം നേടാനായാൽ ഏഴ് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ നാവിഗേറ്റർ എന്ന ബഹുമതി കൂടി മൂസാ ഷരീഫിന് സ്വന്തമാക്കാം.


keyword:national ,car,rally,championship