പ്രക്ഷോഭം അക്രമാസക്തം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി ബംഗാള്‍ സര്‍ക്കാര്‍


കൊല്‍ക്കത്ത: പൗരത്വനിയമ ഭേഗദതിക്കെതിരെയുള്ളപ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. മാല്‍ഡ, മൂര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പുര്‍, ഹൗറ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്.

ഇതിന് പുറമേ, ഉത്തര 24 പര്‍ഗനാസ്‌ ജില്ലയിലെ ബാസിര്‍ഹത്, ബരാസത് സബ് ഡിവിഷനുകളിലും ദക്ഷിണ 24 പര്‍ഗനാസിലെബരുയിപുര്‍ കാനിങ് സബ് ഡിവിഷനുകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്.

ഈ പ്രദേശങ്ങളില്‍ അങ്ങിങ്ങായി അതിക്രമങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. പുറത്തുനിന്നുള്ള സാമുദായിക ശക്തികളാണ് അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

മുര്‍ഷിദാബാദ് ലാല്‍ഗോള റെയില്‍വേസ്‌റ്റേഷനില്‍ അഞ്ചോളം ട്രെയിനുകളും ഹൗറയില്‍ അഞ്ചോളം ബസുകളും പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു.