കുമ്പളയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ മോഷണംകുമ്പള : കുമ്പളയില്‍ ആറ് കടകളില്‍ കവര്‍ച്ച. ടൗണിലെ ഹൈമാസ് ലൈറ്റ് ഓഫാക്കിയതിന് ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.കുമ്പള പഴയ ജില്ലാ സഹകരണ ആശുപത്രിക്ക് സമീപത്തെ കെ. പി. മുനീറിന്‍റെ ഉടമസ്ഥതയില്‍ ടെമ്പിള്‍ ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കുമ്പള മെഡിക്കല്‍ സ്റ്റോറിന്‍റെ ജനല്‍ കമ്പികള്‍ അടര്‍ത്തി മാറ്റി അകത്ത് കടന്ന് 2000രൂപ കവര്‍ന്നു. സി. സി. ടി വിയുടെ ക്യാമറ വയറുകള്‍ മുറിച്ച നിലയിലായിരുന്നു. മരുന്നുകളും ഫയലുകളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. സുലൈമാന്‍ കരിവെള്ളൂരിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്ലൈന്‍ പ്രിന്‍റിംഗ് പ്രസ്സിലും കവര്‍ച്ച നടന്നു. ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി പതിനായിരം രൂപയാണ് കവര്‍ന്നത്. കുമ്പള കുണ്ടങ്കരടുക്കയിലെ നവീന്‍റെ ഉടമസ്ഥതയിലുള്ള ഇരു ചക്ര വാഹന ഗ്യാരേജില്‍ നിന്ന് ആയിരം രൂപയും കുമ്പള റെയില്‍വെ സ്റ്റേഷനടുത്ത അബ്ദുല്‍ കരീംന്‍റെ കൂള്‍ ഡ്രിംഗ്സ് സ്ഥാപനത്തിന്‍റെ ജനല്‍ കമ്പി തകര്‍ത്ത് 2000 രൂപയും, കുമ്പള കൃഷ്ണ നഗറിലെ വസന്തന്‍റെ ഉടമസ്ഥതയിലുള്ള സലൂണില്‍ നിന്ന് 4000രൂപയും കവര്‍ന്നു. കവര്‍ച്ചയ്ക്ക് ശേഷം ഹൈമാസ് ലൈറ്റ് ഓണാക്കിയാണ് സംഘം മടങ്ങിയതെന്നാണ് സൂചന. കുമ്പള പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു