അറ്റകുറ്റപണിയിലെ കൃത്രിമം : ദേശീയവേദി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

മൊഗ്രാൽ: ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളികൾക്ക് ശേഷം കാസറഗോഡ് - മംഗലാപുരം ദേശീയപാതയിലെ പെർവാഡ് മുതൽ  കാസറഗോഡ് വരെയുള്ള റോഡുകളിലെ അറ്റകുറ്റപണികൾ  കഴിഞ്ഞ മാസം നടത്തിയെങ്കിലും  അറ്റകുറ്റപണിയിലെ അശാസ്ത്രീയതയും കൃത്രിമത്വവും മൂലം പ്രസ്തുത ഭീമൻ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരന് നിവേദനം നൽകി.
പെർവാഡ് മുതൽ മൊഗ്രാൽ പാലം വരെയുള്ള ദേശീയപാതയുടെ അവസ്ഥയാണ് ഏറെ ദയനീയം.പല കുഴികളും പ്രസ്തുത പ്രവൃത്തിയിൽ ഉൾപ്പെടുത്തി നികത്തിയിട്ടില്ല. നികത്തിയതാവട്ടെ കുഴിയിൽ അൽപം മെറ്റൽ തിരുകി പേരിന് മാത്രം ടാർ ഉപയോഗിച്ച് ചെയ്തതിനാൽ കുഴി വീണ്ടും രൂപപ്പെട്ട് ആഴം കൂടിയിരിക്കുകയാണ്. വളരെ പ്രയാസപ്പെട്ടാണ് ഇത് വഴി വാഹനങ്ങൾ കടന്ന് പോവുന്നത്.മൊഗ്രാൽ പാലം മുതൽ കാസറഗോഡ് വരെയുള്ള ദേശീയപാതയിലെ അടച്ച പല കുഴികളും രണ്ട് മഴ വന്നതോടെ മെറ്റൽ ഇളകി വീണ്ടും പഴയ അവസ്ഥയിൽ തന്നെയാവുകയും പുതിയ കുഴികൾ രൂപപ്പെടുകയും ചെയ്‌തിരിക്കുന്നു.കരാറുകാരുടെ ഇത്തരം കൃത്രിമം മൂലം ദുരിതം പേറുന്നത് പാവപ്പെട്ട  ജനങ്ങളാണ്.ഇത് മൂലം യാത്രക്കാരുടെ നടുവൊടിയുകയും വാഹനങ്ങൾക്ക്കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കരാറുകാർക്ക് കൃത്രിമപ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കയാണെന്ന് പൊതുജനങ്ങൾ സംശയിക്കുകയും ചെയ്യുന്നു. പ്രസ്‌തുത പ്രവൃത്തികളുടെ തുക കരാറുകാർക്ക് അനുവദിക്കുന്നതിന് മുമ്പ്  എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുറ്റമറ്റ രീതിയിൽ അറ്റകുറ്റപണികൾ ചെയ്യുന്നതിന് അവരോട് തന്നെ ആവശ്യപ്പെടണമെന്നും  ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ്‌റഹ്‍മാൻ  ജന. സെക്രട്ടറി റിയാസ് മൊഗ്രാൽ എന്നിവർ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു