മഞ്ചേശ്വരത്ത് എസ്. ഡി. പി. ഐ പ്രവര്‍ത്തകന് വെട്ടേറ്റു


മഞ്ചേശ്വരം: മഞ്ചേശ്വരത്ത് എസ്. ഡി. പി. ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (25) ആണ് അക്രമത്തിനിരയായത്. പരിക്കേറ്റ യുവാവ് മംഗളൂരുവില്‍ ചികിത്സയിലാണ്. മിയാപദവ് ടൗണിന് സമീപം ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫൈസല്‍ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. മുഖം മൂടി ധരിച്ച്‌ നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് സംഘമെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൈവളിഗെ ഭാഗത്തേക്കാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

അക്രമത്തില്‍ പരിക്കേറ്റ ഫൈസലിനെ ആദ്യം ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.