ചെര്‍ക്കള - ജാല്‍സൂര്‍ പാതയോരങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കംചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പാതയോരങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കംചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഡരികില്‍ അപകടം വരുത്തും വിധമുള്ള മരങ്ങള്‍ നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിക്കണമെന്ന് വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും നിരന്തരമായി ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു സ്ഥലം സന്ദര്‍ശിക്കുകയും അപകടാവസ്ഥയിലുള്ള മരങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റവന്യു, പൊതുമരാമത്ത്, വനം വകുപ്പ്, കെ എസ് ഇ ബി, അഗ്നിശമന വിഭാഗം, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ ആദൂർ മുതല്‍ പഞ്ചിക്കല്‍ വരെ റോഡരികിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റൽ ആരംഭിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് മരം മുറിച്ച് മാറ്റൽ നടപടി ആരംഭിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും ഇതിന് വേണ്ട സഹായങ്ങൾ ചെയ്തു വരികയാണ്