യുവതിക്കായി പുഴയിൽ തിരച്ചിൽ ഊർജിതം


കാസറഗോഡ് : യുവതിയെ കൊന്ന് ചാക്കിൽ കെട്ടി പുഴയിൽ തള്ളിയതായി ഭർത്താവിന്റെ മൊഴിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്താൻ വിദ്യാനഗർ പോലീസും ഫയർഫോഴ്സും തിരച്ചിൽ ഊർജിതമാക്കി. വിദ്യാനഗർ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രമീളയെയാണ് കൊന്ന് ചാക്കിൽ കെട്ടി തെക്കിൽ പാലത്തിന് സമീപം ചന്ദ്രഗിരി പുഴയിൽ തള്ളിയതെന്ന് ഭർത്താവ് ഷെൽവിൻ പോലീസിൽ മൊഴി നൽകിയത്. തുടർന്നാണ് വ്യാഴാഴ്ച രാവിലെയോടെ തിരച്ചിൽ തുടങ്ങിയത്. കഴിഞ്ഞ 19 ന് പ്രമീളയെ കാണാനില്ലെന്ന പരാതിയുമായി ഷെൽവിൻ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിവന്നിരുന്നു. ഷെൽവിന്റെ നീക്കത്തിൽ പോലീസിന് സംശയമുണ്ടായതിനെ തുടർന്ന് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലി ഇരുവരും കലഹിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.