മൊഗ്രാല്‍ പുത്തൂരില്‍ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന; കൊക്കരക്കോ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി

മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ചൗക്കിയിലെ കൊക്കരക്കോ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി. പഞ്ചായത്തിലെ 11 ഹോട്ടല്‍, രണ്ട് ബേക്കറി, രണ്ട് കൂള്‍ബാര്‍ എനിവിടങ്ങളിലാണ് പരിശോധന നടത്തിയത്.വളരെ മികച്ച രീതിയില്‍ ശുചിത്വം പാലിക്കുന്ന എരിയാലിന് സമീപത്തെ ബി എ റെസ്റ്റോറന്റ് ഉടമയെയും ജീവനക്കാരെയും ആരോഗ്യ വിഭാഗം അഭിനന്ദിച്ചു. ലൈസന്‍സ് ഇല്ലാതെയും, വൃത്തിഹീനമായ നിലയിലും പ്രവര്‍ത്തിക്കുന്ന മൂന്ന് ഹോട്ടലുകള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നോട്ടീസ് നല്‍കി. ഭക്ഷണം കഴിക്കുന്നവര്‍ക്ക് തിളപ്പിച്ച വെള്ളം നല്‍കാനും, ജീവനക്കാര്‍ വ്യക്തി ശുചിത്വം പാലിക്കാനും നിര്‍ദേശം നല്‍കി.

മഞ്ഞപ്പിത്തം, ടൈഫോയിഡ്, മറ്റു ജലജന്യരോഗങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ പി സുന്ദരന്‍, രഞ്ജീവ് രാഘവന്‍, ജെ പി എച്ച് എന്‍ രാജി, പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ സാബിര്‍ എന്നിവര്‍ സംബന്ധിച്ചു.