കടല്‍ക്ഷോഭം: പുനരധിവാസത്തിന് കോയിപ്പാടിയില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കും


കുമ്പള: മുസോടി, കോയിപ്പാടി കടപ്പുറങ്ങളിലെ അതിരൂക്ഷമായ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി കോയിപ്പാടിയില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, എ ഡി എം.കെ. അജേഷ്, അഗ്നിരക്ഷാ സേനാ സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഡി ഗീത, പ്രിന്‍സിപ്പല്‍ കൃഷി  ഓഫീസര്‍ കെ എന്‍ ജ്യോതികുമാരി, സ്ഫിയര്‍ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റര്‍ വിഷ്ണു വിജയന്‍ സംബന്ധിച്ചു. ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് കോയിപ്പാടില്‍ ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള 1.75 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന്‍ അറിയിച്ചു. 25 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ എസ്റ്റിമേറ്റടക്കമുള്ള പ്രൊജക്ട് നവംബര്‍ രണ്ടിനകം സമര്‍പ്പിക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. അടിയന്തിര സാഹചര്യമായതിനാല്‍ പ്രത്യേക ദൂതന്‍ വഴി ഫിഷറീസ് ഡയറക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.  മുസോടി, നാങ്കി, കൊപ്പളം, ചേരങ്കൈ എന്നീ കടപ്പുറങ്ങളിലെ കടലാക്രമണം തടയുന്നതിന് ജിയോ ബാഗുകള്‍ വാങ്ങി വിന്യസിക്കുന്നതിന് 10 ലക്ഷം രൂപ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് അനുവദിച്ചിരുന്നെങ്കിലും, തുടര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ വിശദീകരണം ചോദിച്ച് മെമ്മോ നല്‍കാന്‍ യോഗം തീരുമാനിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ കുറവുള്ളതായി അഗ്നിരക്ഷാ സേനാ വിഭാഗം അറിയിച്ചതിനെതുടര്‍ന്ന് ഉടന്‍ തന്നെ ദുരന്തനിവാരണ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് ചെയിന്‍ സോ വാങ്ങാന്‍ യോഗം തീരുമാനിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് ആശുപത്രികളില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി യോഗത്തെ അറിയിച്ചു.