രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം, ആശങ്ക.....


എന്താണ് രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ....? സാമ്പത്തിക സൂചികകൾ എന്താണ് പറയുന്നത്.....? ചരിത്രത്തിലാദ്യമായി ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. കഴിഞ്ഞ 70 വർഷമായി അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണിത്. 

രൂപയുടെ മൂല്യം ഒരുമാസം കൊണ്ടു ഒന്നര രൂപ ഇടിഞ്ഞു, ഇറക്കുമതിയും, കയറ്റുമതിയും നിലംപറ്റി, ബാങ്കുകളുടെ കിട്ടാക്കടം മേലോട്ട് കുതിക്കുന്നു. വാഹന വ്യവസായ മേഖലകൾ കനത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ട്‌ വന്നിരുന്നു. പല സ്ഥാപനങ്ങളും തൊഴിൽ വെട്ടിക്കുറക്കുന്നു, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പ്രതിസന്ധി നില നിൽക്കുന്നുവെന്ന് രാജ്യത്തെ പ്രധാന സാമ്പത്തിക വിദഗ്ദൻ കൂടിയായ 'നീതി ആയോഗ് ' വൈസ് ചെയർമാൻ രാജീവ് കുമാർ പറയുന്നു. 

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന്ന് ശേഷം രാജ്യം പുരോഗതി പ്രാപിച്ചോ എന്നുള്ള ചോദ്യത്തിന്ന് ഉത്തരങ്ങൾ പലതാണെങ്കിലും രാജ്യത്തിന്റെ കടം വർധിച്ചു കൊണ്ടേ ഇരിക്കുകയാണ് എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും ഇല്ല. പൊതുകടം 82 ലക്ഷം കോടിയിലധികം ഉയർന്നു കഴിഞ്ഞു. രാജ്യത്തിലെ സാധാരണ ആൾക്കാർ പോലും പൊതുകടത്തിന്റെ ഇരകളാവുമെന്നാണ് പറയപ്പെടുന്നത്. പൊതുകടത്തിൽ 49% വർദ്ധനവ് ആണുണ്ടായിരിക്കുന്നത്. 

2014 ജൂണിൽ രാജ്യത്തിന്റെ പൊതുകടം 54 ലക്ഷം കോടിയായിരുന്നു.മോദി സർക്കാർ അധികാരത്തിൽ കയറിയ വർഷം കൂടിയായിരുന്നു ഇത്. എന്നാൽ 2018 സെപ്റ്റംബർ ലെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ പൊതുകടം 82 ലക്ഷം കോടിയായി ഉയർന്നു കഴിഞ്ഞിരുന്നു. കള്ളപ്പണം തടയാൻ കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തിയെന്ന് സർക്കാർ അവകാശപ്പെടുന്നതിന്റെ ഇടയിലാണ് ഈ കണക്ക് പുറത്ത് വന്നത്. മാത്രവുമല്ല 68 ലക്ഷം കോടി രൂപയാണ് അഭ്യന്തര കടമായിട്ടുള്ളത്. വിപണി വായ്പകളുടെ കാര്യത്തിലും വർദ്ധനവ് ഉണ്ടായിരിക്കുന്നു. മോദി സർക്കാർ 52 ലക്ഷം കോടി രൂപയുടെ വിപണി വായ്പയാണ് എടുത്തതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 

സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം തൊഴിലില്ലായ്മ വർധിച്ചു. വാഹന നിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമായി. അടിസ്ഥാന മേഖലകളിലും തൊഴിലില്ലായ്മ വർധിക്കുകയാണ്, കർഷകർക്ക് അർഹമായ താങ്ങു വില ലഭിക്കുന്നില്ല, പൊതുമേഖലാ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലാണ്, റിസർവ്വ് ബാങ്കിന്റെ കരുതൽ ധനമായ 1.76 ലക്ഷം കോടി രൂപ കൈമാറിയത് വഴി അതിന്റെ സ്ഥിരതയും പരീക്ഷിക്കപ്പെടുന്നു. രാജ്യാന്തര തലത്തിലെ അവസരങ്ങൾ പ്രയോജനപ്പടുത്താനും സാധിക്കുന്നില്ല. എങ്ങനെ സാമ്പത്തിക പ്രതിസന്ധി നേരിടണമെന്ന് ഒരു ഊഹവുമില്ലാതെ ഉലയുകയാണ് സർക്കാർ. 

വാഹന വിൽപ്പനയാണ് ഒരു രാജ്യത്തിന്റെ വളർച്ചയുടെ ആദ്യ മാനദണ്ഡങ്ങളിൽ ഒന്ന്. വാഹനവിൽപ്പന കുറഞ്ഞാൽ ടയറും, ഉരുക്കും അടക്കമുള്ള അനുബന്ധ മേഖലയും, വർക്ക്‌ ഷോപ്പ്, സ്പെയർ പാർട്സ് തുടങ്ങിയവയും പ്രതിസന്ധിയിലാവുകയും തകർന്നടിയുകയും ചെയ്യും. 2019 ൽ എത്തുമ്പോഴേക്കും കാർ വില്പന 23.3 ശതമാനവും, ഇരുചക്ര വാഹന വില്പന 11.7 ശതമാനവും ഇടിഞ്ഞു. 

കുറച്ചു ദിവസങ്ങൾക്കു മുമ്പ് വ്യാപകമായി പ്രചരിച്ച ഒരു വാർത്തയാണ് ഇന്ത്യയിലെ അടിവസ്ത്രത്തിന്റെ വിൽപ്പനക്കുറവ്. കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും ഇതിന്റെ പിന്നിൽ ഒരു സിദ്ധാന്തമുണ്ട്. 'അലൻ ഗ്രീൻസ്പാൻ 'എന്ന ഫെഡറൽ റിസെർവ്സിന്റെ (Federal Reserve) ചെയർമാനായ ഒരു സാമ്പത്തിക വിദഗ്ധന്റെ തീയറിയാണ് 'അണ്ടർവെയർ തീയറി ' (Underwear theory)അദ്ദേഹം പറയുന്നത് പുരുഷ അടിവസ്ത്രങ്ങളുടെ വിൽപ്പന നോക്കിയാൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ ധാരണ മനസിലാക്കാൻ പറ്റും എന്നാണ്. അപ്പൊ പിന്നെ കൗതുകമായി കണ്ട ആ വാർത്തയിൽ നിന്നും മനസിലാക്കാൻ പറ്റും അതിന്റെ ഗൗരവം. 

നരേന്ദ്ര മോദി സർക്കാർ സാമ്പത്തിക രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിരുന്നു. കള്ളപ്പണം തിരിച്ചു പിടിക്കാനും, അനധികൃത ഇടപാടുകൾ ഇല്ലാതാക്കാനും നോട്ട് നിരോധനം നടപ്പിലാക്കി ഡിജിറ്റൽ രംഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ രാജ്യത്തിന്റെ കടം കുറക്കാനോ, സാമ്പത്തിക വളർച്ചക്കോ ഈ പരിഷ്കരണങ്ങളെ കൊണ്ടു സാധിച്ചില്ല.

അതേ സമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ഈ നില തുടർന്നാൽ ഇന്ത്യയ്ക്ക് നിലനിൽപ്പുണ്ടാവില്ലെന്നും മുൻപ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ:മൻമോഹൻ സിംഗ് സർക്കാരിന് ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നോട്ട് നിരോധനവും, ചരക്ക് സേവന നികുതിയുടെ (GST) തെറ്റായ പ്രയോഗവും രാജ്യത്തിന്റെ സാമ്പത്തിക നില പിന്നോട്ടടിക്കുമെന്ന് മുമ്പ് തന്നെ ഡോ:മൻമോഹൻ സിംഗ് മുന്നറിയിപ്പ് നൽകിയതായിരുന്നു. പക്ഷെ സർക്കാർ ഇത് ഗൗനിച്ചില്ല. 

മനുഷ്യനിർമ്മിതമാണ് ഇപ്പോഴത്തെ സാമ്പത്തിക തകർച്ചയുടെ അടിസ്ഥാന കാരണമെന്ന് മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടുമ്പോൾ അത് എങ്ങനെ പരിഹരിക്കാനാകുമെന്ന് അദ്ദേഹത്തെപ്പോലുള്ള സാമ്പത്തിക വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിക്കാൻ മിഥ്യാഭിമാനം മാറ്റിവെച്ചു ചർച്ചക്ക് ഒരുങ്ങുകയാണ് കേന്ദ്രം ചെയ്യേണ്ടത്. 

ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ചു സർക്കാരുമായി ആശയവിനിമയം നടത്താൻ ഏതെങ്കിലും മേഖലയിലുള്ളവർ തയ്യാറായാൽ സ്വാഗതം ചെയ്യുമെന്ന ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രസ്താവന അപക്വമാണ്. ഉപദേശം വേണോ എന്ന് അങ്ങോട്ട് ചോദിച്ചു ചെന്ന് ആരും സർക്കാരിനെ സമീപിക്കുകയില്ല. 

രാജ്യം മുമ്പെങ്ങുമില്ലാത്തവിധം സാമ്പത്തിക ചുഴിയിൽ നട്ടം തിരിഞ്ഞു കൊണ്ടിരിക്കുമ്പോൾ എല്ലാ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളും, പ്രതികാര രാഷ്ട്രീയ മനോഭാവവും മാറ്റിവെച്ചു സാമ്പത്തിക രംഗത്തെ വിദഗ്ധരുമായി കൂടിയാലോചനക്ക് തയ്യാറാവുകയാണ് സർക്കാർ വേണ്ടത്. തുറന്ന മനസോടെയുള്ള അത്തരമൊരു ആശയവിനിമയത്തിലൂടെ മാത്രമേ രാജ്യം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളൂ.....!

ലേഖകൻ,  ഹാഷിർ കൊടിയമ്മ.