മൊഗ്രാൽ ഗവ. യുനാനി ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കും

മൊഗ്രാൽ : കേരളത്തിലെ ഏക ഗവ. യുനാനി ആശുപത്രിയായ മൊഗ്രാൽ യുനാനി ആശുപത്രിയിൽ കിടത്തി ചികിത്സ തുടങ്ങുന്നു. ദിവസേന നൂറു കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ കിടത്തി ചികിത്സ ഇല്ലാത്തതിനാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന രോഗികൾ ദുരിതത്തിലായിരുന്നു. സർക്കാറിന്റെ നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ മൊഗ്രാൽ യുനാനി ആശുപത്രിയെ ഉൾപ്പെടുത്തണമെന്ന് യുനാനി ഡിപ്പാർട്ട്മെന്റ് കേരള സർക്കാരിനോട് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം അംഗീകരിച്ചത്. 25 ലക്ഷം രൂപയാണ് അനുവദിച്ചത്.