മയക്ക് മരുന്ന് മാഫിയയെ കുറിച്ച് എക്സൈസിന് വിവരം നല്‍കിയ യുവാവിന് വധഭീഷണി


ഉപ്പള : മയക്ക് മരുന്ന് മാഫിയയെ കുറിച്ച് എക്‌സൈസിനും പൊലീസിനും വിവരം നല്‍കിയ യുവാവിന് വധഭീഷണിയെന്ന് പരാതി. കഞ്ചാവ്, എം.ഡി.എം.എ. മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന ഉപ്പളയിലെ ഒരു സംഘത്തെ കുറിച്ച് എക്‌സൈസിനും പൊലീസിനും വിവരം അറിയിച്ച സോങ്കാല്‍ ചിമ്പരം സ്വദേശിയായ യുവാവിനെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്‌സൈസ് സംഘവും ഉപ്പളയിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഭീഷണിപ്പെടുത്തിയുള്ള വിളി വന്നത്. പൊലീസില്‍ വിവരം നല്‍കിയ തന്നെ കത്തിച്ചുകളയുമെന്നായിരുന്നുവത്രെ ഭീഷണി. മയക്കുമരുന്ന് സംഘത്തെ നിലക്ക് നിര്‍ത്താന്‍ പൊലീസിന് പറ്റാത്ത സാഹചര്യത്തില്‍ ഇവരെ അമര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.