തകർന്ന ദേശീയ പാത; കുഴിയടക്കൽ ഇനിയും ആരംഭിച്ചില്ല


കാസറഗോഡ് : കാസറഗോഡ് മുതൽ മഞ്ചേശ്വരം വരെ തകർന്ന ദേശീയപാതയുടെ കുഴിയടക്കലുമായി ബന്ധപ്പെട്ട് അധികൃതർക്ക് അനക്കമില്ല. ആഗസ്റ്റ് 31 ന് കുഴിയടക്കൽ ആരംഭിക്കുമെന്ന് നേരത്തേ കളക്ടർ അറിയിച്ചിരുന്നുവെങ്കിലും യാതൊരു പ്രവർത്തിയും ഇത് വരെ തുടങ്ങിയിട്ടുമില്ല. മഴകാരണമാണ് പ്രവർത്തി വൈകുന്നതെന്നാണ് കരുതുന്നത്. എന്നാൽ ദേശീയ പാതയുടെ അവസ്ഥ നാൾക്കു നാൾ ദുസ്സഹമായിരികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷിറിയയിൽ ലോറി കുഴി വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞതടക്കം ദിവസേന നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് കാസറഗോഡ് - മഞ്ചേശ്വരം ദേശീയപാതയിൽ സംഭവിക്കുന്നത്.

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ചെറിയ ചെറിയ കുഴികൾ രൂപപ്പെട്ടിരുന്നു. ആ സമയത്ത് അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കിൽ ഈ ദുർഗതി വരില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്തതോടെ റോഡിലെ കുഴികളുടെ ആഴവും പരപ്പും കൂടിക്കൂടി വന്നു. കുഴികൾ നിറഞ്ഞ പല ഭാഗത്തും റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. അപകടങ്ങൾ ഒഴിവാക്കാൻ നിരവധി ക്ളബ്ബ്കളും കൂട്ടായ്മകളും കുഴിയടക്കുന്നത് ഇവിടെ പതിവാണ്.

കഴിഞ്ഞ വർഷങ്ങളിൽ വാട്സാപ്പ് കൂട്ടായ്മയായ ദേശീയപാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഷിറിയയിൽ കഴിഞ്ഞ ദിവസം മറിഞ്ഞ ലോറി