റിയാസ് മൗലവി വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിച്ചു തുടങ്ങികാസര്‍കോട് : പഴയ ചൂരിയിലെ മദ്രാസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കല്‍ ആരംഭിച്ചു. ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരനെയാണ് വിസ്തരിക്കാന്‍ തുടങ്ങിയത്. റിയാസ് മൗലവി വധക്കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിനെ നയിച്ചിരുന്നത് പി.കെ സുധാകരനെയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മുതലാണ് സുധാകരനെ വിസ്തരിക്കാന്‍ തുടങ്ങിയത്. വിസ്താരം ഇന്നും തുടരും. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം അവസാനിക്കുന്നതോടെ ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാകും. 

അതേസമയം കേസില്‍ സാക്ഷി വിസ്താരത്തിനായി രണ്ടും പ്രതിയുടെ പിതാവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. രണ്ടാം പ്രതി കേളുഗുഡ്ഡയിലെ നിധിന്റെ പിതാവ് ശിവാനന്ദനെയാണ് കോടതിയില്‍ ഹാജരാക്കിയത്. വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2017 മാര്‍ച്ച് 20ന് അര്‍ദ്ധരാത്രിയോടെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് അറസ്റ്റിലായത്.