മോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും, പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വിജ്ഞാപനമിറങ്ങുന്നതിനെ ബാധിക്കില്ല


മോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുംമോട്ടോര്‍ വാഹന പിഴനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വിജ്ഞാപനമിറങ്ങുന്നതിനെ ബാധിക്കില്ല.

കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള പിഴ നിരക്ക് കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗത്തില്‍ തീരുമാനമായി മണിക്കൂറുകള്‍ക്കുള്ളിലാണ് അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പിഴ നിരക്കിലെ ഇളവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഏതെങ്കിലും ഒരു പ്രത്യേക വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതല്ലാത്തതിനാല്‍ നിരക്കിളവ് സംബന്ധിച്ച വിജ്ഞാപനം മാതൃക പെരുമാറ്റച്ചട്ട ലംഘനം ആവില്ലെന്നാണ് ഗതാഗത വകുപ്പ് കരുതുന്നത്. എങ്കിലും ഇക്കാര്യത്തില്‍ ജാഗ്രതയോടെ മുന്നോട്ടുപോകാനാണ് തീരുമാനം.

ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രൂട്ടിനി കമ്മിറ്റി പരിശോധിക്കും. വേണ്ടി വന്നാല്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി തേടിയ ശേഷമേ വിജ്ഞാപനം ഉണ്ടാകൂ. ബുധനാഴ്ചയോടെ വിജ്ഞാപനം ഇറങ്ങിയേക്കും. അതേസമയം നിയമത്തില്‍ വ്യക്തത തേടി സംസ്ഥാനം നല്‍കിയ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.