മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുസ്ലീം ലീഗില്‍ നിന്ന് പി. എം മുനീര്‍ ഹാജിക്ക് സാധ്യത

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പില്‍ മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറിയും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് പി. കെ മാഹിന്‍ ഹാജിയുടെ മകനുമായ പി. എം മുനീര്‍ ഹാജിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിതലത്തില്‍ ധാരണയതായി സൂചന. ഇതിന്റെ മുന്നോടിയായി മണ്ഡലത്തില്‍ സജീവമാകാന്‍ മുനീര്‍ ഹാജിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിക്കഴിഞ്ഞുവത്രെ. പൈവളികെ ഒഴികെ കുമ്പള, മംഗല്‍പാടി, മീഞ്ച തുടങ്ങി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കമ്മിറ്റികളും മുനീര്‍ ഹാജിയെ മത്സരിപ്പിക്കുന്നതിനെ പിന്തുണക്കുന്നുണ്ട്.


മഞ്ചേശ്വരം മണ്ഡലത്തിലെ വിജയം മുസ്ലിം ലീഗിനും ബി. ജെ. പിക്കും നിര്‍ണായകമായതിനാല്‍ കോടികളുടെ ഫണ്ട് ഒഴുകുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് മഞ്ചേശ്വരം വിജയത്തിന് ഫണ്ട് അനിവാര്യമായതിനാല്‍ സമ്പന്നനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി മത്സരത്തിനിറക്കാനാണ് ലീഗ് തീരുമാനം. ഒരു വര്‍ഷത്തോളമായി മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ചുമതല കൂടി മുനീര്‍ ഹാജിക്കാണ്. എന്നാല്‍ ഒരു വാര്‍ഡ് മെമ്പറായി പോലും പരിചയമില്ലാത്ത വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുള്ളതായി ചില നേതാക്കള്‍ പറയുന്നു