മഞ്ചേശ്വരത്ത്‌ ബേക്കറി കട കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം


മഞ്ചേശ്വരം: മഞ്ചേശ്വരത്ത്‌ ബേക്കറി കട കത്തി നശിച്ച്‌ ലക്ഷങ്ങളുടെ നഷ്‌ടം. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ പ്രവര്‍ത്തിക്കുന്ന ഉദ്യാവര്‍ സ്വദേശി അബ്‌ദുള്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ന്യൂ അല്‍ഫ സ്വീറ്റ്‌സ്‌ ആന്റ്‌ ജ്യൂസ്‌ സെന്ററാണ്‌ കത്തി നശിച്ചത്‌.

ഇന്ന്‌ പുലര്‍ച്ചെയാണ്‌ ബേക്കറിയില്‍ നിന്നും പുക ഉയരുന്നത്‌ അതുവഴി വരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. അപ്പോഴേക്കും ബേക്കറി പൂര്‍ണ്ണമായും അഗ്നിക്കിരയായിരുന്നു.

ബേക്കറിക്കകത്ത്‌ ഉണ്ടായിരുന്ന ഫ്രിഡ്‌ജുകള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കത്തി ചാമ്പലായി. മൊത്തം എട്ടു ലക്ഷത്തിന്റെ നഷ്‌ടം കണക്കാക്കുന്നതായി ഉടമ പറയുന്നു. ഉപ്പള സ്റ്റേഷന്‍ ഓഫീസര്‍ എ.ടി.ജോര്‍ജിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സാണ്‌ തീയണച്ചത്‌.