മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി ചർച്ചകൾ സജീവം


കാസറഗോഡ് : ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മഞ്ചേശ്വരത്ത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി. കേരളത്തിലെ അഞ്ചു നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഏറ്റവുമധികം ശ്രദ്ധേയമാവുകയാണ്. മൂന്നു മുന്നണികളും വിജയസാധ്യതയുമായി മത്സരത്തിനിറങ്ങുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ 2016ല്‍ ഭരണത്തുടര്‍ച്ചക്ക് വേണ്ടി യു. ഡി. എഫ് മത്സരത്തിനിറങ്ങിയപ്പോള്‍ വെറും 89 വോട്ടുകള്‍ക്കാണ് ബി. ജെ. പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. 2011ല്‍ എല്‍. ഡി. എഫില്‍ നിന്ന് അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മുസ്ലിം ലീഗിലെ പി. ബി അബ്ദുല്‍ റസാഖ് മണ്ഡലം പിടിച്ചെടുത്തത്. ആ തെരഞ്ഞെടുപ്പില്‍ മൂന്നാമതായിരുന്ന ബി. ജെ. പി 2016ല്‍ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. തുടര്‍ന്നുവന്ന രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വലിയ മുന്നേറ്റമാണ് മഞ്ചേശ്വരത്ത് നടത്തിയത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലധികം വോട്ടുകള്‍ക്കാണ് യു. ഡി. എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ബി. ജെ. പിയെ പിന്നിലാക്കിയത്. 35000ലധികം വോട്ടുകള്‍ക്ക് എല്‍. ഡി. എഫും പിന്നോട്ട് പോവുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉശിരന്‍ വിജയം കൊയ്ത യു. ഡി. എഫ് വലിയ ആവേശത്തിലാണ്. 2016ലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് കോടതി കയറിയ മഞ്ചേശ്വരം കേസില്‍ നിന്ന് കെ. സുരേന്ദ്രന്‍ പിന്‍വാങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് തയാറാവുന്നത്. ഇതോടെ ഒരുമാസത്തിനുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നണികള്‍ സജീവമാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ മുമ്പെ തന്നെ സ്ഥാനാര്‍ത്ഥി സാധ്യതാ ചര്‍ച്ചകള്‍ സജീവമായിരുന്നു. മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മഞ്ചേശ്വരം മണ്ഡലം സമര്‍ത്ഥനായ സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കാനാണ് യു.ഡി.എഫിന്റെ നീക്കം. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം. സി ഖമറുദ്ദീന്‍റെ പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാമതുള്ളത്. മുന്‍ മന്ത്രി സി. ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ. കെ. എം അഷ്റഫ് എന്നിവരുടെ പേരുകളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. ഇക്കുറിയെങ്കിലും അക്കൗണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി. ജെ. പി അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നേരിയ വോട്ടിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന്‍ ഇക്കുറിയും മഞ്ചേശ്വരത്ത് മത്സരത്തിനിറങ്ങുമെന്ന് തന്നെയാണ് സൂചന. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, സതീശ്ചന്ദ്ര ബണ്ഡാരി കോളരി, രവീശതന്ത്രി എന്നിവരുടെ പേരുകളും സാധ്യതാ ലിസ്റ്റിലുണ്ട്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള സജീവമായ ഒരുക്കങ്ങളാണ് എല്‍. ഡി. എഫ് കേന്ദ്രങ്ങളില്‍ നടക്കുന്നത്. 2011ല്‍ സി. എച്ച് കുഞ്ഞമ്പുവില്‍ നിന്ന് അയ്യായിരം വോട്ടുകള്‍ക്കാണ് പി. ബി അബ്ദുല്‍ റസാഖ് മണ്ഡലം പിടിച്ചെടുത്തത്. 2016ല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍. ഡി. എഫ് വലിയ മുന്നേറ്റം ആഗ്രഹിച്ചാണ് അങ്കം കുറിക്കുന്നത്. സി. എച്ച് കുഞ്ഞമ്പുവിനെ തന്നെ മത്സരത്തിനിറക്കാനാണ് എല്‍. ഡി. എഫ് ആലോചന. കാസര്‍കോട് ലോക്സഭ മത്സരത്തില്‍ മത്സരിച്ച കെ. പി സതീഷ് ചന്ദ്രനും ശങ്കര റൈ മാസ്റ്ററും സാധ്യതാ പട്ടികയിലുണ്ട്. അടുത്തമാസം 21നാണ് വോട്ടെടുപ്പ് നടക്കുക. 23മുതല്‍ നാമനിര്‍ദേശ പട്ടിക സ്വീകരിച്ചു തുടങ്ങും. ഒരു മാസത്തിനുള്ളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ നടപടിക്രമങ്ങള്‍ വേഗത്തിലാകും. മുന്നണികളുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ചൂടേറിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ചയോടെ പ്രഖ്യാപിച്ചേക്കും.