ദേശീയപാതയിലെ അപകട മരണം; ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: മുസ്‌ലിം ലീഗ്


കുമ്പള : ദേശീയ പാതയിലെ കുഴിവെട്ടിക്കുന്നതിനിടെ ബൈക്കപകടത്തില്‍പ്പെട്ട് യുവാവ് ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദികള്‍ നാഷണല്‍ ഹൈവേ അതോറിറ്റിയിലെ ഉദ്യോഗസ്ഥരാണെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസയും ജനറല്‍ സെക്രട്ടറി എം. അബ്ബാസും ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം മംഗളൂരു കോളജിലെ വിദ്യാര്‍ത്ഥിയായ കുബണൂര്‍ സ്വദേശി നവാഫ് പാതയിലെ കുഴി വെട്ടിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ തെറിച്ചുവീണത്. റോഡില്‍ വീണ നവാഫിന്റെ ദേഹത്ത് മീന്‍ ലോറി കയറിയാണ് ദാരുണമായി മരണപ്പെട്ടത്. ഇനിയും ഇത്തരം അപകടം ആവര്‍ത്തിക്കുന്നതിനു മുമ്പ് നടപടി കൈകൊള്ളണം. മംഗളൂരുവിലെ ആസ്പത്രികളിലേക്ക് രോഗികളെയും മറ്റും കൊണ്ടുപോകുന്ന ആംബുലന്‍സുകളെയും മറ്റു അവശ്യ സര്‍വീസുകളെയും പാതയിലെ പാതാള കുഴികള്‍ വളരെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. 

ദേശീയ പാതയെ ആളെ കൊല്ലും പാതയാക്കി മാറ്റി ഇതു കണ്ട് എന്‍.എച്ച് ഉദ്യോഗസ്ഥന്മാര്‍ രസിക്കുന്നതിന് പിന്നിലെ ജോലിക്ക് എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും മുസ്‌ലിം ലീഗ് നേതാക്കളായ ടി.എ മൂസയും എം. അബ്ബാസും ആവശ്യപ്പെട്ടു.