തകര്‍ന്ന കാസര്‍കോട് - മംഗലാപുരം ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന് എം.എല്‍.എ

കാസറഗോഡ് : യാത്രാ ദുരിതം നേരിടുന്ന കാസര്‍കോട് - മംഗലാപുരം ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്. ഇതിനായുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ റോഡിന്‍റെ പണി ആരംഭിക്കുമെന്നും എം.എല്‍.എ.
എല്ലാ വര്‍ഷത്തെയും പോലെ മഴ പെയ്തതോടെ ഇത്തവണയും കാസര്‍കോട് - മംഗലാപുരം അന്തര്‍ സംസ്ഥാന ദേശീയപാത ഗതാഗത യോഗ്യമല്ലാതായി. വളരെ പ്രയാസമാണ് ഇത് മൂലം യാത്രക്കാര്‍ നേരിടുന്നത്. റോഡിന്‍‌‍റെ ശോചനീയാവസ്ഥക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍ റോഡ് പണിക്കുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മഴ തുടരുന്നത് കൊണ്ടാണ് പണി ആരംഭിക്കാത്തതെന്നുമാണ് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പറയുന്നത്.
മിക്കയിടത്തും നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് ഇപ്പോള്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തുകയാണ്. പലരും ഇപ്പോള്‍ മംഗലാപുരത്തെത്താന്‍ കിലോമീറ്ററുകള്‍ കറങ്ങി മറ്റു പല വഴികളെയുമാണ് ആശ്രയിക്കുന്നത്. റോഡിലെ വലിയ കുഴികള്‍ മൂലം ചെറുകിട വാഹനങ്ങളിലെ യാത്രക്കാരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. അത്യാസന്ന രോഗികളെയും വഹിച്ച് മംഗലാപുരത്തേക്ക് നിരവധി ആംബുലന്‍സുകളും ദിവസേന പോകുന്ന റോഡ് കൂടിയാണിത്.