സുപ്രീം കോടതി ജഡ്ജായി ഇനി പെർള സ്വദേശിയും, 23ന് സത്യപ്രതിജ്ഞ

കാസര്‍കോട് : സുപ്രീം കോടതി ജഡ്ജിയാകുന്നവരില്‍ കാസര്‍കോട് സ്വദേശിയും. പെര്‍ള സ്വര്‍ഗ സ്വദേശി എസ് രവീന്ദ്രഭട്ടാണ് സെപ്തംബര്‍ 23ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നിലവില്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാണ് രവീന്ദ്രഭട്ട്. കാസര്‍കോട് നിന്നും ഒരാള്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് നാട്. ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജറായിരുന്ന പരേതനായ ശ്രീപതി ഭട്ട് - സാവിത്രി ദമ്പതികളുടെ മകനാണ് രവീന്ദ്രഭട്ട്.

അദ്ദേഹം ജനിച്ചത് സ്വര്‍ഗയിലാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലായിരുന്നു. നിയമപഠനത്തിനു ശേഷം ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുകയായിരുന്നു. ഔദ്യോഗിക തിരക്കുകള്‍ ഉണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും അദ്ദേഹം നാട്ടിലെത്താറുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ നാലു മാസം മുമ്പാണ് രവീന്ദ്ര ഭട്ട് നാട്ടിലെത്തിയിരുന്നത്. മോഹിനിയാണ് ഭാര്യ. മകന്‍ അനിരുദ്ധന്‍. സഹോദരന്‍: ദര്‍ശന്‍ ഭട്ട്.

സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുന്നതിനായി അടുത്ത ബന്ധുക്കള്‍ ശനിയാഴ്ച തന്നെ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.