ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമി ഖാസിം മുസ് ലിയാരുടെ സ്മാരകമായി പന്തലിക്കും: ജിഫ് രി തങ്ങൾ


കുമ്പള: എം.എ ഖാസിം മുസ് ലിയാരുടെ അഭിലാഷമായിരുന്ന ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയെന്ന മത ഭൗതികസമന്വയ വിദ്യഭ്യാസത്തിലൂന്നിയുള്ള സ്ഥാപനം വാടാവൃക്ഷമായി മാറുമെന്നും അനേകായിരങ്ങൾക്ക് ഇത് തണലേകുമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കുമ്പള ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയിൽ സംഘടിപ്പിച്ച എം. എ ഖാസിം മുസ് ലിയാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. പ്രതീക്ഷയോടെ കാസർകോട് ജില്ല ഉറ്റുനോക്കുന്ന സ്ഥാപനം ഇനി ഖാസിം മുസ് ലിയാരുടെ സ്മാരകമായി മാറും.ഖാസിം മുസ് ലിയാരുടെ ലക്ഷ്യവും ഭാവനയും സമന്വയിച്ച് പുരോഗതി കൈവരിച്ച ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയുടെ വളർച്ചക്കു പിന്നിലെ ചാലക ശക്തിയായ മഹാ മനൂഷിയെ സമൂഹം എക്കാലവും ഓർക്കുമെന്നും ഖാസിം മുസ് ലിയാരുടെ ലക്ഷ്യപൂർത്തീകരണത്തിന് എല്ലാവരും സ്ഥാപനത്തോട് ചേർന്ന് നിൽക്കണമെന്നും തങ്ങൾ അഭിപ്രായപെട്ടു..ഖാസിം മുസ് ലിയാരുടെ വിയോഗത്തിന്റെ നാൽപതാം ദിവസമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ഖബർ സിയാറത്തിന് സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ നേതൃത്വം നൽകി. ഡോ. എം.എം ഇസുദ്ധീൻ അധ്യക്ഷനായി.ബി.കെ. അബ്ദുൽ കാദർ അൽ-ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തി.സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് കെ.എസ്.അലി തങ്ങൾ കുമ്പോൽ, സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ, എം.എസ്. തങ്ങൾ മദനി, ഖാസി ഇ.കെ. മഹമൂദ് മുസ് ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ജിഫ് രി തങ്ങൾ, മുഹമ്മദ് അറബി ഹാജി കുമ്പള, യഹ് യാ തളങ്കര, തൊട്ടി മാഹിൻ മുസ് ലിയാർ, മുസ്തഫൽ ഫൈസി, എൻ.പി.മുഹമ്മദ് സഅദി, ജന.സെക്രട്ടറി കെ.എൽ. അബ്ദുൽ കാദർ അൽ ഖാസിമി സംസാരിച്ചു. ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമി സഊദി നാഷണൽ കമ്മിറ്റി നിർമിക്കുന്ന ഖാസിം മുസ് ലിയാർ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് ജിഫ് രി തങ്ങൾ നിർവഹിച്ചു.