ചികിത്സാപിഴവും, മരണവും ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ തുടർക്കഥയാവുന്നു: സർക്കാർ തല അന്വേഷണം വേണം - മൊഗ്രാൽ ദേശീയ വേദി

മൊഗ്രാൽ: പ്രസവസംബന്ധമായ കേസുകളിൽ ഡോക്ടർമാരുടെ ചികിത്സാ പിഴവും, മരണവും ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ തല അന്വേഷണം വേണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.

ദിവസേന ഒരു ഗൈന കോളേജിസ്റ്റിനു നോക്കാൻ പറ്റുന്നതിനേ ക്കാൾ രോഗികളെ കച്ചവട താല്പര്യം മുൻനിർത്തി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യിപ്പിക്കുകയും നഴ്സുമാരെ പ്രസവ ചുമതല ഏല്പിക്കുന്നതുമാണ് പലപ്പോഴും ഇത്തരത്തിൽ അമ്മയുടെയും കുട്ടിയുടെയും മരണത്തിൽ കലാശിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതി നൽകിയാൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്

ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രതിമാസം മുന്നൂറിൽപ്പരം പ്രസവം നടക്കുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും വേണ്ട വിധത്തിൽ പരിചരണം നൽകാൻ കഴിയാത്തതിനാൽ ആരോഗ്യനില വഷളാകുകയും ആശുപത്രി അധികൃതർ രോഗിയെ മംഗലാപുരത്തേക്ക് റഫർ ചെയ്ത് തങ്ങളുടെ വീഴ്ചയില്ലെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. സിസേറിയൻ എന്നപേരിൽ അധികവും രോഗികളുടെ ബന്ധുക്കളിൽ നിന്ന് വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങിയാൽ ഡോക്ടർമാർക്ക് എന്ത് പിഴവ് സംഭവിച്ചാലും ന്യായീകരണം ഉണ്ടാകും. പിന്നീട് വെള്ളക്കടലാസിൽ എന്തുവേണമെങ്കിലും ഡോക്ടർമാർക്ക് എഴുതി ചേർക്കാവുന്നതാണ്.

ഡോക്ടർമാർ അഴിമതി, കൈക്കൂലി കേസുകളിൽ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ ഇത്തരത്തിൽ ചികിത്സാപിഴവുകൾക് നടപടി സ്വീകരിക്കാൻ നിലവിലെ നിയമങ്ങളിൽ അധികൃതർക്കു കഴിയാതെ പോകുന്നു. പരാതി അന്വേഷിക്കേണ്ടത് സീനിയർ ഡോക്ടർമാരാണ് അതുകൊണ്ടുതന്നെ അന്വേഷണം പ്രഹസനമാകുന്നുവെന്നും പരാതിയുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്നും, ആശുപത്രികളിൽ സർക്കാർതലത്തിൽ നിരീക്ഷണം വേണമെന്നും മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു.