ഖമറുദീനും രവീശ തന്ത്രിയും ശങ്കർ റൈയും തിങ്കളാഴ്ച്ച പത്രിക നൽകും


മഞ്ചേശ്വരം : മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണി സ്ഥാനാർഥികളും തിങ്കളാഴ്ച്ച നാമനിർദേശ പത്രിക നൽകും. എൽ ഡി എഫ്‌ സ്ഥാനാർഥി എം. ശങ്കർ റൈ രാവിലെ 11 ന്‌ വിദ്യാനഗർ കളക്ടറേറ്റിൽ റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽആർ) പ്രേമചന്ദ്രൻ മുമ്പാകെ പത്രിക നൽകും. വിദ്യാനഗറിലെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽ നിന്ന്‌ നേതാകൾക്കൊപ്പം കളക്ടറേറ്റിലെത്തും. എൻ ഡി എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറും രാവിലെ 11 ന്‌ കളക്ടറേറ്റിൽ റിട്ടേണിങ് ഓഫീസർക്കു മുമ്പാകെ നാമനിർദേശ പത്രിക നൽകാനെത്തും. മഞ്ചേശ്വരം നിയോജകമണ്ഡലം എൽ ഡി എഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ തിങ്കളാഴ്‌ച്ച വൈകുന്നേരം മൂന്നിന്‌ ഉപ്പള മരിക്കെ പ്ലാസ ഹാളിൽ നടക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. സി പി എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ.പി. ജയരാജൻ, മുൻ എം പി മാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, മുൻ മന്ത്രി കെ.പി. മോഹനൻ, എ.ബി. അബ്ദുൾ വഹാബ്‌, ബാബു കാർത്തികേയൻ, എ.ജെ. ജോസഫ്‌ പങ്കെടുക്കും. യു ഡി എഫ്‌ സ്ഥാനാർഥി എം.സി. ഖമറുദീൻ മഞ്ചേശ്വരം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ എൻ. സുരേന്ദ്രൻ മുമ്പാകെ രാവിലെ 10 ന് പത്രിക സമർപ്പിക്കും. ചൊവ്വാഴ്‌ച്ച രാവിലെ 10 ന് ഉപ്പള മരിക്കെ പ്ലാസ ഹാളിൽ നടക്കുന്ന യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം പി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.