എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ബദിയടുക്ക : ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടെ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ജമീല(33) ആണ് മരിച്ചത്. വീട്ടിലെ മറ്റുള്ളവരെല്ലാം ബദിയഡുക്ക ബീജന്തടുക്കയിലെ ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയം ഭര്‍തൃ സഹോദരിയും ജമീലയും മാത്രമിയിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് തന്‍റെ കിടപ്പ് മുറിയില്‍ കയറിയ ജമീലയുടെ ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ഭര്‍തൃ സഹോദരി വാതില്‍ തട്ടി വിളിച്ചു. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ജമീല കിടന്ന മുറിയുടെ ജനലയിലൂടെ നോക്കിയപ്പോള്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ വന്ന് വാതില്‍ ചവിട്ടി പൊളിച്ചുവെങ്കിലും അപ്പൊഴേക്കും മരിച്ചിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതി മഞ്ഞംപാറയിലെ പരേതരായ ചൂരിന്‍റടി മുഹമ്മദ്- ആമിന മകളാണ്. ഒന്നര വര്‍ഷം മുമ്പാണ് ജമീലയും അബ്ദുര്‍ റഹ് മാനും വിവാഹിതരായത്. സഹോദരങ്ങള്‍ അബ്ദുല്ല, ഖദീജ, ആയിഷ, നൂറ, ഫാത്തിമ, നസീമ, ആബിദ. പോലീസിന്‍റെ സാനിധ്യത്തില്‍ ആര്‍. ഡി. ഒ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.