കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ബാങ്ക് ചീഫ് മാനേജർ മരിച്ചു


കാഞ്ഞങ്ങാട് : ചെറുവത്തൂർ പിലിക്കോട് ദേശീയ പാതയിൽ കാറിടിച്ച് നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് മുന്നിലെ പിക്കപ്പ് വാനിലിടിച്ച് ബാങ്ക് മാനേജർ മരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂർ ബ്രാഞ്ചിലെ ചീഫ് മാനേജർ കാസർകോട് കുഡ്‌ലുവിലെ കെ.ഗിരീഷ് കുമാർ (46) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ പിലിക്കോട് തോട്ടത്തിനു സമീപമാണ് അപകടം. രാവിലെ കണ്ണൂർ ഓഫീസിലേയ്ക്കു പോകും വഴി പിന്നാലെ വന്ന കാർ ബുള്ളറ്റിൽ ഇടിക്കുകയും നിയന്തണം വിട്ട വാഹനം മുന്നിൽ പോവുകയായിരുന്ന പിക്കപ്പിൽ ഇടിച്ചു മറിഞ്ഞാണ് അപകടം.  റോഡിൽ തെറിച്ചുവീണ ഗിരീഷ് കുമാർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഓഫീസിലേയ്ക്ക് പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്ന ഗിരീഷ് കുമാർ കണ്ണൂരിലെ ആവശ്യങ്ങൾക്കായി ബുള്ളറ്റ് കൊണ്ടുവയ്ക്കാൻ പോകുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. ഭാര്യ: അമ്പിളി(അധ്യാപിക, മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). ഏക മകൾ അനഘ.