കാഞ്ഞങ്ങാട് പിഞ്ചുകുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ ദൂരൂഹത നീങ്ങിയില്ല


കാഞ്ഞങ്ങാട് : മീൻചന്തയ്ക്ക് സമീപം പിഞ്ചുകുഞ്ഞിന്റെ ജ‍‍ഡം മറവു ചെയ്ത സംഭവത്തിലെ ദൂരുഹത നീങ്ങുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ സംഭവത്തിൽ വ്യക്തത ഉണ്ടാകൂ എന്നു പൊലീസ് പറയുന്നു. ഈ മാസം 7നു പുലർച്ചെയാണ് രാജസ്ഥാൻ സ്വദേശി വിജയും മറ്റൊരു സുഹൃത്തും ചേർന്നു കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്തത്. കുഞ്ഞിന്റെ അച്ഛനായ വിജയ് ആണ് സംസ്കരിച്ച സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തത്. കുട്ടിയെ ആരോ കൊന്നതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.പൊലീസ് പറയുന്നതിങ്ങനെ: രാജസ്ഥാൻ സ്വദേശികളായ വിജയ്- കാജൽ ദമ്പതികൾക്ക് കഴിഞ്ഞ മാസം 13 നാണ് പെൺകുഞ്ഞ് ജനിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു പ്രസവം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 

തുടർന്നു ഇരുവരും കണ്ണൂരിലുള്ള മുത്തശ്ശിയെ കാണാനെത്തി. എന്നാൽ, മുത്തശ്ശിയെ കാണാൻ സാധിച്ചില്ല. തുടർന്നു കാഞ്ഞങ്ങാടെത്തി ഇരുവരും ബലൂൺ വിറ്റു. കാഞ്ഞങ്ങാടെത്തിയ ദിവസം രാത്രി കുഞ്ഞിനെ മധ്യത്തിൽ കിടത്തി ഇരുവരും ഉറങ്ങി. പുലർച്ചെ നോക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തുമായി ചേർന്നു കുഞ്ഞിന്റെ മൃതദേഹം മീൻ ചന്തയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ മറവു ചെയ്യുകയായിരുന്നു. 

രാജസ്ഥാൻ ആചാരം പ്രകാരം പാല്‍ കുടിക്കുന്ന കുട്ടികൾ മരിച്ചാൽ കുഴിച്ചിടുകയാണ് പതിവെന്നും വിജയ് പൊലീസിനോട് പറഞ്ഞു. കുട്ടി മരിച്ചതോടെ ഇരുവരും നാട്ടിലേക്ക് പോകാതെ കണ്ണൂരിലേക്ക് തിരികെ പോയി. അവിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് കുഞ്ഞിന്റെ മരണം സംബന്ധിച്ച ദുരൂഹതയിലേക്ക് കൊണ്ടു പോയത്. കുഞ്ഞിനെ കൊന്നതാണെന്നാണ് വിജയ് ആരോപിക്കുന്നത്. 

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here