റോഡിന്‍റെ പാര്‍ശ്വ ഭാഗം തകര്‍ന്നു; യാത്രാ ഭീതിയില്‍ നാട്ടുക്കാര്‍


കുമ്പള : പുത്തിഗെ- പെര്‍മുദെ- ധര്‍മ്മത്തടുക്ക റോഡില്‍ ബാളിഗെയില്‍ റോഡിന്റെ പാര്‍ശ്വ ഭാഗം ശക്തമായ മഴയില്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് റോഡ് തകരുമെന്ന ഭീതിയിലാണ് യാത്രക്കാര്‍. മംഗളുരു, കാസര്‍കോട്, കുമ്പള, ഉപ്പള, ബന്തിയോട്, സീതാംഗോളി, പൈവളിഗെ ഭാഗങ്ങളില്‍ നിന്ന് ബസുകളടക്കം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണ് അപകടാവസ്ഥയിലയത്. അപകടാവസ്ഥ അറിയിച്ച് റോഡിന്റെ ഒരു വശത്ത് നാട്ടുകാരില്‍ ചിലര്‍ കല്ല് വെച്ചിട്ടുണ്ട്. റോഡിന്റെ അടിവശത്തിട്ടിരിക്കുന്ന സിമന്റ് പൈപ്പിനകത്ത് മാലിന്യങ്ങള്‍ നിറഞ്ഞത് മൂലം മഴവെള്ളം റോഡില്‍ ഒഴുകിയാണ് റോഡ് തകരാന്‍ കാരണമായതെന്ന് പറയുന്നു. നേരത്തെയുണ്ടായിരുന്ന റോഡില്‍ മഴവെള്ളം ഒലിച്ച്പോവാന്‍ സംവിധാനമുണ്ടായിരുന്നു. പുതിയ റോഡ് നിര്‍മ്മിച്ചപ്പോള്‍ സിമന്‍റ് പൈപ്പ് സ്ഥാപിച്ചതാണ് റോഡ് തകരാന്‍ കാരണമായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിനടിയില്‍ സിമന്‍റ് പൈപ്പ് സ്ഥാപിക്കുമ്പോള്‍ മഴ കാലത്ത് വെള്ളം ഒഴുകിപോകാന്‍ എളുപ്പയല്ലെന്നും, റോഡ് തകര്‍ന്ന് പോകാന്‍ സാധ്യതയുണ്ടെന്നും പ്രവൃത്തിയുടെ തുടക്കത്തില്‍ തന്നെ ചൂണ്ടി കാട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാരമേറിയ ലോറികളും ബസുകളും അടക്കമുള്ള വാഹനങ്ങള്‍ ഈ റോഡിലൂടെയാണ് കടന്ന് പോകുന്നത്. കര്‍ണ്ണാടകയിലെ പെര്‍വായി, പുത്തൂര്‍, കന്യാന,വിട്ട്ള ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തി ചേരാവുന്ന റോഡാാാാാണിത്. ഏത് സമയത്തും തകരാമെന്ന നിലയിലാണ് റോഡുള്ളത്. അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.