റിയാസ് മൗലവി വധക്കേസ്, അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിച്ചു

Image result for riyas moulavi caseകാസറഗോഡ് : പ്രമാദമായ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ പുനരാരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. പി.കെ.സുധാകരനെ തിങ്കളാഴ്ച്ച രാവിലെയാണ് വിസ്തരിച്ചത്. മുൻ ഡി.വൈ.എസ്.പി. പി.സുകുമാരൻ, സി.ഐ.മാരായ സിബി തോമസ്, സി.എ.അബ്ദുൽ റഹീം, എസ് ഐ.അജിത്കുമാർ, ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആൽഫ മമ്മായി എന്നിവരിൽ നിന്ന് നേരത്തേ മൊഴിയെടുത്തിരുന്നു. 2017 മാർച്ച് 20ന് രാത്രിയിലായിരുന്നു പഴയ ചുരിയിലെ മദ്രസാധ്യാപകനും കർണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവി പള്ളിയോടനുബന്ധിച്ചുള്ള താമസ സ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊല്ലപ്പെട്ടത്. കേളുഗുഡ്ഡെയിലെ അഖിലേഷ് എന്ന അഖിൽ (25), അജേഷ് എന്ന അപ്പു (20), വിപിൻ (20) എന്നിവരാണ് കേസിലെ പ്രതികൾ. കാസർകോട് പോലീസ് ആദ്യം അന്വേഷിച്ച കേസ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി. ആയിരുന്ന ഡോ.എ.ശ്രീനിവാസിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 8 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ 100 സാക്ഷികളുണ്ട്. പബ്ലിക് പ്രൊസിക്യൂട്ടർ എം.അശോകനാണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.