മാധ്യമപ്രവര്‍ത്തകന്‍റെ മരണം: ശ്രീറാം വെങ്കട്ടരാമന്‍ അറസ്റ്റില്‍


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്‍റെ പേരില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അഭിപ്രായം കൂടി തേടിയിട്ടാവും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച്‌ മദ്യപിച്ച്‌ വാഹനമോടിച്ചതും നരഹത്യയും കൂടി ഉള്‍പ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ ജാമ്യം ലഭിക്കില്ലെന്ന സാഹചര്യമായി. അപകട സമയത്ത് ശ്രീറാമിന്‍റെ ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകള്‍ ചുമത്തിയത്.

ശ്രീറാം അമിതമായി മദ്യപിച്ചിരുന്നുവെന്നും കാര്‍ അമിതവേഗത്തിലാണ് ഓടിച്ചിരുന്നതെന്നുമാണ് വഫ പോലീസിന് നല്‍കിയ മൊഴി. വാഹനം തന്‍റെ കൈയില്‍ നിന്നും നിര്‍ബന്ധപൂര്‍വം വാങ്ങുകയായിരുന്നുവെന്നും യുവതി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി.

പു​ല​ര്‍​ച്ചെ ഒന്നോടെ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തുവച്ചാണ് ശ്രീറാം ഓടിച്ച കാറിടിച്ച്‌ സി​റാ​ജ് ദി​ന​പ​ത്രം തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി കെ.എം. ബ​ഷീ​ര്‍ (35) മരിച്ചത്. കേസില്‍ ആദ്യം ഒളിച്ചുകളിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെയാണ് നടപടി സ്വീകരിച്ചത്.