മുരളി വധക്കേസ്; മൃതദേഹം പരിശോധിച്ച ഡോക്ടർക്കെതിരെ അറസ്റ്റ് വാറണ്ട്

കുമ്പള : സി പി എം പ്രവര്‍ത്തകൻ മുരളീധരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണവേളയില്‍ നിരവധി തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന ഡോക്ടര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൃതദേഹം പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ സൂരജിനെതിരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

മുമ്പ് വിചാരണ നടന്നപ്പോഴും ഡോക്ടര്‍ ഹാജരായിരുന്നില്ല. വിചാരണ വീണ്ടും ആരംഭിച്ചപ്പോഴും ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബി ജെ പി പ്രവര്‍ത്തകരായ അനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ശരത്, മായിപ്പാടി കുതിരപ്പാടിയിലെ ആചാര്യ എന്ന ദിനു, കുതിരപ്പാടിയിലെ ഭരത് രാജ്, ബേളയിലെ മിഥുന്‍കുമാര്‍, കുഡ്‌ലു കാളിയങ്ങാട്ടെ എം. നിധിന്‍രാജ്, കുതിരപ്പാടിയിലെ കെ. കിരണ്‍ കുമാര്‍, കുതിരപ്പാടിയിലെ കെ. മഹേഷ്, എസ് കെ അജിത്കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2014 ഒക്ടോബര്‍ 27ന് വൈകിട്ടാണ് ബൈക്കില്‍ പോകുന്നതിനിടെ മുരളീധരനെ വെട്ടിക്കൊലപ്പെടുത്തിയത്. സീതാംഗോളി മരമില്ലിന് സമീപത്തായിരുന്നു സംഭവം. കേസിലെ മുഖ്യപ്രതിയായ ശരത്കുമാറിന്റെ അച്ഛന്‍ ദയാനന്ദയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു മുരളീധരന്‍. ഇതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.