
മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിൽ കരാർജോലികൾ ചെയ്ത് വരുന്ന കോൺട്രാക്ടർമാർക്കെതിരെ ചില വ്യക്തികളും സംഘടനകളും നിരന്തരമായി നടത്തി വരുന്ന വ്യാജ പ്രചരണത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിൽ നടന്ന ടെൻഡർ നടപടികൾ കൂട്ടത്തോടെ കരാറുകാർ ബഹിഷ്കരിച്ചു . നിയമ വ്യവസ്ഥ അനുസരിച്ചും എഗ്രിമെന്റ് മാനദണ്ഡത്തിലും പ്രവൃത്തി നടത്തുന്ന കരാറുകാർക്കെതിരെ ചിലയാളുകൾ അനാവശ്യമായ പരാതി നൽകുന്നത് മൂലം കരാറുകാർ മാനസികമായും സാമ്പത്തികമായും പ്രതിസന്ധിയിലാണ്. കരാറുകാരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി മാനഹാനി ഉണ്ടാക്കുന്നു. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കി പണി തടസ്സപ്പെടുത്തുന്നു. ചില പ്രത്യേക താല്പര്യം മുൻ നിർത്തിയാണ് കുറച്ച് ആളുകൾ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നം നടക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി സ്വീകരിക്കാത്തതിനാലാണ് പഞ്ചായത്തിലെ ടെൻഡറുകൾ ബഹിഷ്കരിക്കാൻ കരാറുകാർ തീരുമാനിച്ചത്. തുടർ ടെൻഡറുകൾ എടുത്ത് പ്രവൃത്തി പൂർത്തികരിക്കണമെങ്കിൽ ഇത്തരം വികസന മുടക്കികൾക്കെതിരെ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നും നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്ന് കരാറുകാർ ആവശ്യപ്പെടുന്നു. നിലവിലെ അവസ്ഥയിൽ തുടർ ടെൻഡറുകളും ബഹിഷ്കരിക്കാനാണ് തീരുമാനം. 40 ഓളം കരാറുകാർ ടെൻഡർ ബഹിഷ്കരിച്ചു പഞ്ചായത്ത് അസി എഞ്ചിനീർക്ക് കത്ത് നൽകി. മാന്യമായി കരാർ പ്രവൃത്തി നടത്തി നാടിന്റെ വികസന പ്രവൃത്തികളിൽ പങ്കാളികളാവുന്ന കരാറുകാർക്കെതിരെ നടത്തുന്ന നീക്കങ്ങൾ വികസന പ്രവർത്തനങ്ങൾ താളം തെറ്റാൻ ഇടയാക്കും