കല്ലേറില്‍ തകര്‍ന്ന ചര്‍ച്ച് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചുമഞ്ചേശ്വരം : അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത ഔവര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ച് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ഫാദര്‍ വിന്‍സന്‍റ് ഉള്‍പ്പെടെയുള്ള അധികൃതരുമായി ചര്‍ച്ച നടത്തി. അക്രമികളെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിഷയം മുഖ്യ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എ.ഡി.എം എന്‍. ദേവിദാസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ജയാനന്ദയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതേ സമയം ചര്‍ച്ചിന് നേരെ കല്ലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട കേസില്‍ 15 പേരെ അന്വേഷണ ചുമതലയുള്ള ബേഡകം സി എെ ടി.ഉത്തംദാസ് ചോദ്യം ചെയ്തു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നു. അക്രമം നടക്കുന്ന സമയത്ത് കുണ്ടുകൊളക്കെ പ്രദേശത്ത് ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കുറിച്ച് സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തെളിവുകളുടെ അഭാവം മൂലമാണ് അറസ്റ്റ് വൈകുന്നതെന്ന് സൂചനയുണ്ട്. ചര്‍ച്ചിന് നേരെ അക്രമം ഉണ്ടായ ദിവസം സി സി ടി വിയില്‍ അക്രമികളുടെ ചിത്രം പതിഞ്ഞിരുന്നു. പ്രസ്തുത ചിത്രങ്ങളില്‍ നിന്ന് അക്രമികളെ തിരിച്ചറിയാൻ കഴിയാത്തതിനാല്‍ കുണ്ടുകൊളക്കെ മുതല്‍ തലപാടി വരെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.