വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയം; മൂന്ന് പേരെ രക്ഷപ്പെടുത്തികല്‍പ്പറ്റ: വയനാട് അതിര്‍ത്തിയോടടുത്ത് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം. ശക്തമായ മണ്ണിടിച്ചലില്‍ എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായെന്ന് നാട്ടുകാര്‍ പറയുന്നു. വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്.

ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.