കുമ്പള : അബുദാബിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാല് പേരില്‍ നിന്നായി ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ബദിയഡുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ ഏണിയര്‍പ്പിലെ അഖില്‍ രാജ്, സന്ദീപ്, കടംബളയിലെ നിഷിത്കുമാര്‍, ബേള കൊളംബെയിലെ അനില്‍കുമാര്‍ എന്നിവരാണ് വഞ്ചിക്കപ്പെട്ടത്. കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ ഇവര്‍ കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനില്‍കുമാറിന്റെ ജേഷ്ഠന് ഉദയനും കാഞ്ഞങ്ങാട് സ്വദേശിയും പരിചയക്കാരാണ്. സംസാരത്തിനിടെ കാഞ്ഞങ്ങാട് കല്ലുരാവി സ്വദേശിയായ അബ്ദുല്‍ ജലീല്‍ അബുദാബിയിലെ ബനിയ എന്ന സ്ഥലത്തെ മൊബൈല്‍ ഷോപ്പില്‍ ജോലി ഒഴിവുണ്ടെന്നും പരിചയത്തിലുള്ളവര്‍ക്ക് ജോലി ആവശ്യമുണ്ടെങ്കില്‍ വിസ സംഘടിപിച്ച് തരാമെന്നും അറിയിച്ചു. ഉദയന്‍ ഈ കാര്യം സഹോദരന് അനില്‍കുമാര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ നാല് പേരും കാഞ്ഞങ്ങാട് സ്വദേശിയുമായി ഫോണില്‍ ബന്ധപ്പെട്ടപോള്‍ ഒരോ ആളും വിസക്ക് 40,000രൂപ നല്‍കണമെന്നും ആദ്യഘടുവായി 25,000 രൂപ നല്കിയാല് മതിയെന്നും അറിയിച്ചു. പിന്നിട് നാല് പേരും പണവുമായി കുമ്പളയിലെത്തുകയും ഒരു ബേക്കറിക്ക് മുന്നില്‍ വെച്ച് പണം കൈമാറുകയും ചെയ്തുവത്രെ. ഇതിന് ശേഷം കാഞ്ഞങ്ങാട് സ്വദേശി നാല് പേരെയും ഫോണില്‍ ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കോഴിക്കോട്ടേക്ക് പോകണമെന്നും കുമ്പളയില്‍ നിന്നും പുറപ്പെടൊമെന്നും അറിയിച്ചു. കോഴിക്കോട്ടേക്ക് പോകനായി അഖില്‍രാജും,അനില്‍കുമാറും അടക്കമുള്ളവര്‍ കുമ്പളയിലെത്തിയെങ്കിലും കാഞ്ഞങ്ങാട് സ്വദേശിയായ ജലീല്‍ അവിടെയുണ്ടായിരുന്നില്ല. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. മണിക്കുറുകളോളം കാത്തു നിന്നിട്ടും എത്താതിരുന്നതോടെ നാല് പേരും കാഞ്ഞങ്ങാട് കല്ലുരാവിയിലെ വീട്ടിലെത്തി. എന്നാല്‍ അവിടെയും കാണാതായപോള്‍ തങ്ങള്‍ കബളിക്കപെട്ടതായി ബോധ്യപ്പെട്ട ഇവര്‍ ബദിയഡുക്ക പോലീസിലും, പണം കൈമാറിയത് കുമ്പള പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അവിടത്തെ പോലീസ് സ്റ്റേഷനിലും പരാതി നല്‍കുകയായിരുന്നു