ഓർക്കാട്ടേരി - കുറ്റ്യാടി സബ്സ്റ്റേഷനുകളിൽ വെള്ളം കയറി; കണ്ണൂർ - കാസറഗോഡ് ജില്ലകളിലെ വൈദ്യുതി വിതരണം അവതാളത്തിൽ
കാസര്‍കോട്: കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റ്യാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 KV ലൈനും ഓഫാക്കുകയായിരുന്നു.
കണ്ണൂരില്‍ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും വലിയ ദുരിതത്തിലാണ്. ശ്രീകണ്ഠപുരത്തെ നഗരത്തിലും പരിസരത്തും കെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും മുങ്ങിയ അവസ്ഥയിലാണ്.