മഴക്കെടുതി; ജില്ലയിൽ ബാധിച്ചത് അയ്യായിരത്തോളം കർഷകരെ, നഷ്ടം 12 കോടി


കാസറഗോഡ് :  ജില്ലയിൽ കനത്ത മഴ മൂലം 12.16 കോടി രൂപയുടെ കൃഷി നാശമാണ് ഇതുവരെ സംഭവിച്ചത്.  4114 കർഷകരെ മഴക്കെടുതി ബാധിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. 223.08 ഹെക്ടർ നെൽകൃഷിയും 38 ഹെക്ടർ പച്ചക്കറി കൃഷിയും നശിച്ചു.  4902 കായ്ഫലമുള്ള തെങ്ങുകളും 42058 കുലച്ച ഏത്തവാഴയും 1959 കുരുമുളക് വള്ളിയും  നശിച്ചതായതായാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫിസറും കൃഷി ഓഫിസർമാരും മറ്റു ഉദ്യോഗസ്ഥരും പ്രധാനപ്പെട്ട കൃഷിസ്ഥലങ്ങൾ സന്ദർശിക്കുകയും കൃഷി നാശം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. 

കൃഷിനാശത്തെക്കുറിച്ചും കർഷകർക്ക് അടിയന്തരമായി നൽകേണ്ട തുകയെക്കുറിച്ചും ഉള്ള റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടത്തിനും സർക്കാരിലേക്കും സമർപ്പിച്ചു. ജില്ലയിൽ മഴക്കെടുതിയിൽ മത്സ്യകൃഷിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ അടിയന്തിരമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണമെന്ന് എഫ്എഫ്ഡിഎ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ – 7012436113