സമാധാനസന്ദേശമോതി മൊഗ്രാല്‍ സ്കൂളില്‍ ഹിരോഷിമ ദിനം


മൊഗ്രാൽ : ജി വി എച്ച് എസ് എസ് മൊഗ്രാലില്‍ ഹിരോഷിമ ദിനത്തില്‍ സമാധാനസന്ദേശമുണര്‍ത്തി വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. സ്കൂള്‍ മൈതാനത്തു നിന്നും സമാധാനത്തിന്റെ ചിഹ്നങ്ങളായ വെള്ളരിപ്രാവുകളെ പറത്തിക്കൊണ്ട് ആരംഭിച്ച റാലി മൊഗ്രാല്‍ നഗരത്തെ വലയം ചെയ്തു മുന്നേറി കുട്ടികളും അധ്യാപകരും ചേര്‍ന്നു തയ്യാറാക്കിയ സഡാക്കോ കൊക്കുകള്‍ കൈകളിലേന്തി റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴക്കി. മൊഗ്രാല്‍ ടൗണില്‍ വെച്ച് കുട്ടികള്‍ ഹിരോഷിമ ദിനത്തെയും സഡാക്കോയെന്ന കുട്ടിയെയും പരിചയപ്പെടുത്തി. അധ്യാപകര്‍ രചിച്ച സമാധാനഗീതങ്ങള്‍ അവര്‍ ഉച്ചത്തില്‍ പാടുകയും ചെയ്തപ്പോള്‍ റാലി നാട്ടുകാര്‍ക്ക് വ്യവ്യസ്തമായ കാഴ്ച്ചാനുഭവം നല്‍കി. രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാമത്സരം പങ്കാളിത്തബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. എല്‍ പി, യുപി, ഹൈസ്കൂള്‍ വിഭാഗം കുട്ടികളും അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.