കനത്ത മഴ തുടരുന്നു; പരക്കെ നാശനഷ്ടം, സംസ്ഥാനത്ത് പലയിടത്തും പ്രളയസമാനം, നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച്ച വരെ അടച്ചിടും
കൊച്ചി: കനത്ത മഴയില്‍ സംസ്ഥാനത്ത് എങ്ങും പ്രളയ സമാനമായ അന്തരീക്ഷം. വടക്കന്‍ ജില്ലകളില്‍ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒട്ടേറെപ്പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയിക്കുന്നു. 40 പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി വാര്‍ഡംഗം പി. ചന്ദ്രന്‍ പറഞ്ഞു.
രണ്ട് എസ്റ്റേറ്റ് പാടികള്‍, മൂന്നു വീടുകള്‍, ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം, വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലായെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് പറഞ്ഞു. എഴുപതോളം വീടുകള്‍ തകര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ പത്തുപേരെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് ദുരന്തം. സെന്റിനല്‍ റോക്ക് തേയില എസ്റ്റേറ്റിന് നടുവിലെ ചെരിഞ്ഞ പ്രദേശമാണിത്. പെട്ടെന്ന് വന്‍ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞുവരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നു. ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.

അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ അറിയിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥനിരീക്ഷകര്‍ അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തും കൊലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി ഓഫിസില്‍ യോഗം ചേര്‍ന്നു. അപകട സ്ഥലങ്ങളിലുള്ളവര്‍ ക്യാംപിലേക്കു മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച വരെ നിര്‍ത്തിവെച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ് വിമാനത്താവളത്തിന്റേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഏപ്രണ്‍ ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം വെള്ളിയാഴ്ച രാവിലെ 9 മണിവരെ താല്‍ക്കാലികമായി അടച്ചിരുന്നു കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.