കനത്ത മഴ തുടരുന്നു; ട്രയിന്‍ ഗതാഗതം താറുമാറായി, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്



സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമായി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍പൊട്ടലിനും അപകടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു.

കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനിടയിൽ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്. മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾ വൈകിയോടി. തിരുവനന്തപുരം ചിറയൻകീഴിൽ മാവേലി എക്സ്പ്രസിന് മുകളിൽ മരം വീണ് ലോക്കോ ഗ്ലാസ് തകർന്നു. മരത്തിന്റ ശിഖരം OHE ലൈനിൽ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. തിരുവനന്തപുരം ,കൊല്ലം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകൾ 3 മണിക്കൂർ വൈകിയോടി.

മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. മുംബൈ - കന്യാകുമാരി ജയന്തി ജനതാ, പൂനേ- എറണാകുളം ,മുംബൈ- നാഗർകോവിൽ, ലോകമാന്യതിലക് - തിരുവനന്തപുരം എക്സ്പ്രസുകൾ റദ്ദാക്കി. നാളെ പുറപ്പെടേണ്ട എറണാകുളം പൂനേ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി - നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. എറണാകുളം-ഓഖ എക്സ്പ്രസ് പത്ത് മണിക്കൂർ വൈകി ഇന്ന് രാവിലെ പുറപ്പെടും.