
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള കനത്ത നാശം സംസ്ഥാനം നേരിട്ട സാഹചര്യത്തില്‍ വന്‍ ചര്‍ച്ചയായി മാറുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ മലയോര സംഘടന നിരുപാധികം തള്ളി. ആഗോളതാപനം നിമിത്തമുള്ള കാലാവസ്ഥാ വ്യതിയാനം മാത്രമാണ് ഇതെന്നും ഇക്കാര്യത്തില്‍ പുതിയ പഠനം നടത്താനാണ് അധികൃതര്‍ തയ്യാറാകേണ്ടതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറയുന്നു.
ഓസ്ട്രേലിയയിലും ബ്രസീലിലും വെള്ളപ്പൊക്ക കെടുതികള്‍ ഉണ്ടായത് പശ്ചിമഘട്ടം കൊണ്ടല്ലല്ലോ എന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പശ്ചിമഘട്ടത്തില്‍ ഉണ്ടായ മനുഷ്യ ഇടപെടലല്ല ദുരന്തങ്ങള്‍ക്ക് കാരണമെന്നും പറയുന്നു.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും 2013 ല്‍ മാധവ് ഗാഡ്ഗിലിനെതിരേ എടുത്ത നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ഇവര്‍ പറയുന്നു. പരിസ്ഥിതി ലോല മേഖലയിലെ മനുഷ്യന്റെ കയ്യേറ്റവും നിര്‍മ്മാണ ജോലികളുമാണ് പ്രശ്നമെന്നായിരുന്നു നേരത്തേ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പ്രളയം വീണ്ടും എത്തിയപ്പോള്‍ ഇക്കാര്യം നടപ്പാക്കണമെന്ന് ആവശ്യവും ശക്തിപ്പെട്ടിരുന്നു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം കര്‍കരെ ഉള്‍പ്പെടുത്തി പുതിയ പഠനം നടത്തണമെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ വാദം.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരണം 107 ആയി. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും മാത്രം സംസ്ഥാനത്ത് 60 ജീവനുകളാണ് പൊലിഞ്ഞത്. ഇടുക്കിയില്‍ മാത്രം ഒരു വര്‍ഷത്തിനിടയില്‍ 300 ഉരുള്‍പൊട്ടലാണ് ഉണ്ടായത്. ഇതിനൊപ്പം തന്നെ മണ്ണിടിഞ്ഞു വീടുകളും മറ്റും താഴേയ്ക്ക് തെന്നിമാറുന്ന സോയില്‍ പൈപ്പിംഗും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും മനഷ്യ ഇടപെടല്‍ പശ്ചിമഘട്ടത്തിന് ഉണ്ടാക്കുന്ന ആഘാതങ്ങളുടെ ഫലമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംഘടന.