പ്രളയം; കുടകിൽ 4 പേർ മരിച്ചു, ഗതാഗത സംവിധാനം താറുമാറായി


വിരാജ്പേട്ട് : കർണാടകയിലെ കുടക് ജില്ലയിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു.  വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് കുടകിലെ ഭഗമണ്ഡലയ്ക്കടുത്തുള്ള കോരംഗളയിൽ രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്.  മണ്ണിടിച്ചിലിൽ അഞ്ച് പേർ കാണാതായിരുന്നു, അതിൽ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മഡിക്കേരി, വിരാജ് പെറ്റ് താലൂക്കുകളിൽ വെള്ളിയാഴ്ച 14 ഇടങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായതായും, അതിനാൽ ഗതാഗതം നിർത്തിവെച്ചതായും കൊടക് ഡെപ്യൂട്ടി കമ്മീഷണർ ആനിസ് കൻമാനി ജോയ് പറഞ്ഞു.  ഗോണിക്കൊപ്പയിലേക്കുള്ള റോഡുകളും ബാഗമണ്ഡല-മഡിക്കേരി, ബാഗമണ്ഡല-തലകാവേരി, ബാഗമണ്ഡല-അയ്യങ്കേരി, മഡിക്കേരി-മൂരുനാട്, ഗോണിക്പ-പാലിബെട്ട, ഗോങ്കോപ്പ-പൊന്നാംപേട്ട്, വിരാജിപെറ്റ്-മാഡിക് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ആണ് അടച്ചിട്ടത്.

വിരാജ്പേട്ടിനും മഡിക്കേരിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന 50 അടിയോളം ഉയരമുള്ള ബെത്രി പാലവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതാദ്യമായാണത്രെ ബെത്രി പാലം വെള്ളത്തിൽ മുങ്ങുന്നത്.

തവാരകരെ തടാകത്തിൽ ജലനിരപ്പ് വളരെയധികം ഉയർന്നതിനാൽ കുശാൽനഗറിനും മഡിക്കേരിക്കും ഇടയിലുള്ള പാതയും അടച്ചിട്ടിരിക്കുകയാണ്.

ബാഗമണ്ഡല, കുശാൽനഗർ എന്നിവിടങ്ങളിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി.  കോണ്ടൻഗേരി, മുർനാദ്, ഗയ്യ, കൂഡുഗഡ്ഡെ, ബെട്ടടകാട്, കാരടിഗോഡ്, ബരാഡി, അയ്യങ്കേരി, കാവേരി തീരത്തുള്ള മറ്റ് ചെറിയ ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ അയ്യായിരത്തോളം വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ച് പോയതായാണ് റിപ്പോർട്ട്.

പതിനായിരത്തിലധികം വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. നിരവധി പേർ ഇതിനകം വീടുകൾ വിട്ടിരുന്നുവെങ്കിലും അയ്യായിരത്തോളം പേർ അവിടെയുണ്ടായിരുന്നു. എൻ‌ഡി‌ആർ‌എഫും, എസ്‌ഡി‌ആർ‌എഫും, ഫയർ ആൻഡ് എമർജൻസി സർവീസസും, നാട്ടുകാരും ചേർന്നാണ് വെള്ളിയാഴ്ച ഇവരെ രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച മുതൽ ബെലഗാവി ജില്ലയിൽ എട്ട് മരണങ്ങളും ഉത്തര കന്നഡ ജില്ലയിൽ മറ്റ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇതുവരെ 1,24,291 പേരെ ഒഴിപ്പിച്ചു.

ഏഴ് ജില്ലകളിൽ ഞായറാഴ്ച രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും,
 ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗവി, ചിക്കമഗളൂരു, കൊടഗു, ശിവമോഗ എന്നിവയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് ഐ‌എം‌ഡി മുന്നറിയിപ്പ് നൽകി.