ഡോളറിനെതിരെ രൂപ ദുര്‍ബലമായി; നേട്ടം കൊയ്ത് പ്രവാസികള്‍

Image result for ഡോളറിനെതിരെ രൂപ

അബുദാബി : ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഗള്‍ഫ് കറന്‍സികളുമായി വിനിമയ നിരക്കിലും കാര്യമായ വ്യത്യാസം. ഇതില്‍ നേട്ടം കൊയ്തത് പ്രധാനമായും പ്രവാസികളാണ്. കഴിഞ്ഞദിവസം രാജ്യാന്തര വിപണിയില്‍ ഒരു യുഎഇ ദിര്‍ഹത്തിന് 19 രൂപ 49 പൈസ ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 51 ദിര്‍ഹം 34 ഫില്‍സ് നല്‍കിയാല്‍ മതിയാകും.

5134.17 ദിര്‍ഹം നല്‍കിയാല്‍ ഒരു ലക്ഷം ഇന്ത്യന്‍ രൂപ ലഭിക്കും. ഒരു സൗദി റിയാലിന് 19.06 രൂപ, ഖത്തര്‍ റിയാലിന് 19.64, ബഹ്‌റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76, കുവൈത്ത് ദിനാറിന് 235.12 രൂപ എന്നിങ്ങനെയാണ് കഴിഞ്ഞദിവസത്തെ രാജ്യാന്തര വിപണി നിരക്ക്. ഈ നിരക്കില്‍നിന്ന് ഏതാണ്ട് 10 ഫില്‍സ് കുറച്ചാണ് പ്രാദേശിക വിപണിയില്‍ വിനിമയം നടക്കുന്നത്.യുഎഇയിലെ വിവിധ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ഒരു ദിര്‍ഹത്തിന് 19.39 പൈസയാണ് കഴിഞ്ഞദിവസത്തെ മികച്ച നിരക്ക്. നിക്ഷേപം ഉദ്ദേശിച്ച്‌ അയക്കുന്നവരാണ് നിരക്ക് കൂടുന്നതിന് അനുസരിച്ച്‌ എക്‌സ്‌ചേഞ്ചുകളിലെത്തുന്നത്. കൂടാതെ അടിയന്തര ആവശ്യത്തിന് പണം അയക്കുന്നവരും എത്തുന്നു. ഇതോടെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിച്ചിരിക്കയാണ്. ഈ മാസം തുടക്കത്തില്‍ തന്നെ രൂപ 19 കടന്നതോടെ പ്രവാസികള്‍ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു.