സുമാത്രയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. സുമാത്ര, ജാവ തുടങ്ങിയ ദ്വീപുകളിലാണ് ശക്തമായ ഭൂചലനം രേഖപ്പെടുത്തിയത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഭൗമോപരിതലത്തില്‍ നിന്നും 59 കിലോമീറ്റര്‍ ആഴത്തിലാണ്. പ്രധാന നഗരമായ തെലുക് ബെതുംഗില്‍ നിന്ന് 227 കിലോമീറ്റര്‍ അകലെയാണിത്.

ബാന്റണ്‍ പ്രവിശ്യയിലെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ഉടന്‍ താമസം മാറാന്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.എന്നാല്‍ അതിശക്തമായ ഭൂചലനം ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വരെ അനുഭവപ്പെട്ടു.