ബദിയഡുക്ക - കാസറഗോഡ് ബസ് സർവീസുകൾ നിർത്തി വെക്കും


ബദിയടുക്ക: ബദിയടുക്ക-പെര്‍ള റൂട്ടില്‍ അടിയന്തിരമായി ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഈ മാസം 20 മുതല്‍ ബദിയഡുക്ക -കാസറഗോഡ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസുകളും അനിശ്ചിത കാലത്തേയ്ക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് 'പ്രൈഡ്' ബസ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് എക്സിക്യുട്ടിവ് എഞ്ചിനിയര്‍ക്കും, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും നല്‍കിയ നിവേദനത്തിലുടെ അറിയിച്ചു. ബദിയടുക്ക-പെര്‍ള റൂട്ടിലെ കരിമ്പിലയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത് മൂലം ചില ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നു. ചുരുക്കം ചില ബസുകള്‍ കാസറഗോഡില്‍ നിന്നും ബദിയടുക്ക വരെ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും നഷ്ടത്തിലാണത്രേ ഓടുന്നത്. ഇത് മൂലം ശമ്പളം നല്‍കുവാന്‍ മുതലാളിമാര്‍ തയ്യാറാകുന്നുമില്ലെന്നും അതിനിടെ യാത്ര തുടരാന്‍ ആവില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തൊഴിലാളികള്‍ കൂട്ട അവധിയെടുത്ത് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാകുന്നതെന്ന് ഇതിന് ഓട്ടോ തൊഴിലാളി കളുടേയും പിന്തുണയുണ്ടെന്നും 'പ്രൈഡ്' ബസ് തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികളായ ഹരീസ് (പി.എം.എസ്), അഷറഫ്,ഉദയന്‍, അജിതോമാസ് പറഞ്ഞു.